ചെല്‍സിയില്‍ നടത്തിയത് പോലുള്ള പ്രകടനം റയലിൽ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ഈഡന്‍ ഹസാര്‍ഡ്

റയല്‍ മാഡ്രിഡില്‍ ഫോമിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന 'ആത്മവിശ്വാസത്തില്‍' റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയന്‍ താരം ഈഡന്‍ ഹസാര്‍ഡ്. പരുക്കും ഫോമില്ലായ്മയും കാരണം പലപ്പോഴും റയല്‍ മാഡ്രിഡ് നിരയില്‍ അവസരം കുറഞ്ഞ താരമാണ് ഹസാര്‍ഡ്. കാല്‍മുട്ടിന് പരുക്കേറ്റ് ശസ്ത്രക്രിയക്ക ശേഷം ഹസാര്‍ഡ് വിശ്രമത്തിലാണിപ്പോഴുള്ളത്.
പരുക്ക് ഭേദമായ താരം ഏപ്രില്‍ അവസാനത്തോടെ ടീമില്‍ മടങ്ങിയെത്തിയേക്കും. കൂടാതെ ചെല്‍സിയില്‍ താൻ പുറത്തെടുത്തിരുന്ന അതേ ഫോം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഹസാര്‍ഡ് വിശ്വസിക്കുന്നതായി സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
2012ല്‍ ഫ്രഞ്ച് ക്ലബായ ലില്ലെയില്‍ നിന്ന് ചെല്‍സിയിലെത്തിയ ഹസാര്‍ഡ് പിന്നീട് നീലപ്പടയുടെ മുന്‍നിര താരങ്ങളിലൊരാളായി മാറിയിരുന്നു. ഏഴ് വര്‍ഷത്തെ ചെല്‍സിയിലെ കരിയറില്‍ ഒരുപിടി നേട്ടങ്ങള്‍ താരം സ്വന്തമാക്കിയിരുന്നു. നാല് തവണ പി.എഫ്.എ ടീം ഓഫ് ദി ഇയറിൽ ഇടംനേടിയ ഹസാര്‍ഡ്, പ്ലയേഴ്‌സ് പ്ലയര്‍, യംങ് പ്ലയര്‍, എഫ്.ഡബ്യു.എ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു.
എന്നാൽ, 2019ല്‍ വലിയ തുക നല്‍കി ഹസാര്‍ഡിനെ റയൽ മാഡ്രിഡ് സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിച്ചതിന് ശേഷം പ്രതീക്ഷക്കൊത്ത പ്രകടനം ഇതുവരെ താരത്തിന് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ റയല്‍ മാഡ്രിഡിന് വേണ്ടി 65 മത്സരങ്ങള്‍ മാത്രം കളിച്ച ഹസാര്‍ഡ് ആറു ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഈ സീസണില്‍ 22 ലാലിഗ മത്സരങ്ങളില്‍ മാത്രമാണ് ഹസാര്‍ഡ് കളിച്ചിട്ടുള്ളത്. അതില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് സമ്പാദ്യം. പലപ്പോഴും താരത്തിന്റെ റയൽ മാഡ്രിഡ് കരിയറിലെ പ്രധാന വില്ലന്‍ പരുക്കായിരുന്നു. ലാ ലിഗയില്‍ മെയ് 11ന് ലെവന്റെക്കേതിരേ നടക്കുന്ന മത്സരത്തില്‍ ഹസാര്‍ഡ് തിരിച്ചെത്താനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.