ന്യൂകാസിൽ യുണൈറ്റഡിനും ഇംഗ്ലണ്ടിനും വലിയ തിരിച്ചടി, കീറൻ ട്രിപ്പിയറിനു സീസൺ മുഴുവൻ നഷ്ടമായേക്കും


ആസ്റ്റൺ വില്ലക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ കാൽപാദത്തിനു പരിക്കേറ്റ കീറൻ ട്രിപ്പിയർക്ക് സീസൺ മുഴുവൻ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് ന്യൂകാസിൽ യുണൈറ്റഡ് പരിശീലകൻ എഡ്ഡീ ഹൊവേ അറിയിച്ചു. കാൽപാദത്തിനു പരിക്കേറ്റ താരത്തിന്റെ ശസ്ത്രക്രിയ പൂർത്തിയായതിനു ശേഷമാണ് ക്ലബിനും ഇംഗ്ലണ്ട് ദേശീയ ടീമിനും തിരിച്ചടി നൽകാൻ സാധ്യതയുള്ള ഈ വിവരം ഹോവേ പുറത്തു വിട്ടത്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ന്യൂകാസിലിന്റെ ആദ്യത്തെ സൈനിങായി അത്ലറ്റികോ മാഡ്രിഡിൽ നിന്നുമെത്തിയ താരം മികച്ച പ്രകടനം നടത്തുകയും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ നേടി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കുകയും ചെയ്തിരുന്നു. ആസ്റ്റൺ വില്ലക്കെതിരെ ആദ്യ പകുതിയിൽ ടീമിന്റെ വിജയഗോൾ നേടിയതിനു ശേഷമാണ് രണ്ടാം പകുതിയിൽ താരം പരിക്കേറ്റു പുറത്തു പോകുന്നത്.
Kieran Trippier faces a battle to play again this season after foot surgery, Newcastle manager Eddie Howe has confirmed ? pic.twitter.com/1g1DjNd1b9
— GOAL News (@GoalNews) February 18, 2022
"താരത്തിന്റെ ശസ്ത്രക്രിയ വിജയമായി എന്നത് ഒരു നല്ല വാർത്തയാണ്. പക്ഷെ എത്ര കാലം താരം പുറത്തിരിക്കും എന്നെനിക്ക് അറിയില്ല. താരത്തെ സീസൺ അവസാനിക്കുന്നതിനു മുൻപേ ടീമിനൊപ്പം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഇതു കാര്യമായ പരിക്കാണ്, താരം മികച്ച പ്രകടനം നടത്തിയിരുന്നു എന്നതിനാൽ അതു ഞങ്ങൾക്കു വലിയ തിരിച്ചടിയുമാണ്. അതിൽ നിന്നും മുക്തനാകാനുള്ള പ്രക്രിയ എങ്ങിനെ മുന്നോട്ടു പോകുന്നു എന്നു നോക്കാം."
"താരത്തിന്റെ നേതൃഗുണത്തിന്റെയും മൈതാനത്ത് താരം നടത്തിയ പ്രകടനത്തിന്റേയുമെല്ലാം അഭാവം ഞങ്ങൾക്കുണ്ടാകും. അവസാന രണ്ടു മത്സരങ്ങളിൽ രണ്ടു ഗോളുകൾ ട്രിപ്പിയർ നേടിയത് ഞങ്ങൾക്ക് അതിനിർണായകമായ ഒന്നായിരുന്നു. പക്ഷെ ഞങ്ങൾക്കതിനെ മറികടക്കാൻ കഴിയുന്ന ഒരു സ്ക്വാഡ് ഉണ്ടെന്ന ആത്മവിശ്വാസമുണ്ട്." ഹോവേ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ തരം താഴ്ത്തൽ മേഖലക്കു തൊട്ടു മുകളിൽ നിൽക്കുന്ന ന്യൂകാസിൽ യുണൈറ്റഡിനു ട്രിപ്പിയറിന്റെ അഭാവം തിരിച്ചടി നൽകുന്നതിനൊപ്പം ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനും താരം പുറത്തിരിക്കുന്നത് ഭീഷണിയാണ്. ഇംഗ്ലണ്ടിനെ യൂറോ കപ്പ് ഫൈനലിലെത്തിക്കാൻ നിർണായക പങ്കു വഹിച്ച താരം പരിക്കിൽ നിന്നും തിരിച്ചുവരുന്നത് നീണ്ടാൽ ലോകകപ്പ് സ്ക്വാഡിൽ ഇടം നഷ്ടമായേക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.