ജനുവരി ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുൻപ് കൂടുതല്‍ ട്രാൻസ്ഫറുകൾ നടത്താൻ ന്യൂകാസിലിനെ പ്രേരിപ്പിച്ച് എഡി ഹൗ

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുന്നതിന് മുന്‍പായി കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ പുതിയ മാനേജ്മെന്റിനോട് സമ്മര്‍ദം ചെലുത്തി ന്യൂകാസില്‍ യുണൈറ്റഡ് പരിശീലകന് എഡി ഹൗ.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ആറോളം താരങ്ങളെ ടീമിലെത്തിക്കാനാണ് ന്യൂകാസിലും ഹൗവും പദ്ധതിയിട്ടിരുന്നത്. നിലവിൽ കീറൺ ട്രിപ്പിയറെയും, ക്രിസ് വുഡിനെയും മാത്രമാണ് ന്യൂകാസിൽ സ്വന്തമാക്കിയിട്ടുള്ളത്.
കുറഞ്ഞത് ഒരു മുന്നേറ്റനിര താരത്തെ കൂടിയെങ്കിലും ന്യൂകാസിലിന് ആവശ്യമാണ്. അതിനായുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബ്. ഇതിനായി റെയിംസ് താരം ഹ്യൂഗോ എക്കിടിക്കെയെയാണ് ഹൗ കണ്ടുവെച്ചിരിക്കുന്നത്.
താരത്തെ ടീമിലെത്തിക്കുന്നതിന് റെയിംസ് മാനേജ്മെന്റുമായി ന്യൂകാസില്‍ യുണൈറ്റഡ് ഈ മാസം ആദ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. 30 മില്യന്‍ യൂറോക്കടുത്തുള്ള ഒരു തുകയാണ് റെയിംസ് താരത്തിന് വേണ്ടി ആവശ്യപ്പെട്ടത്. റെയിംസുമായുള്ള ചർച്ചകൾ നിലവിൽ തുടരുകയാണ്.
അതേ സമയം, ഫ്രഞ്ച് ക്ലബായ പി.എസ്.ജി, പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സി, ടോട്ടന്‍ഹാം, വെസ്റ്റ്ഹാം, ബ്രൈറ്റണ് തുടങ്ങിയ താരങ്ങളും എക്കിടിക്കെയെ നോട്ടമിട്ടിട്ടുണ്ട്.
ഒരു സെന്റർ ബാക്ക് താരത്തെ കൂടി ഹൗവിന് ആവശ്യമുണ്ടെന്നും, സെവിയ്യ താരം ഡിയഗോ കാർലോസിനെ സ്വന്തമാക്കാമെന്ന ആത്മവിശ്വാസം ന്യൂകാസിലിന് ഉണ്ടെന്നും 90min മനസിലാക്കുന്നു.
നിലവിൽ പ്രീമിയര്‍ ലീഗില്‍ റിലഗേഷന്‍ സോണിലുള്ള ന്യൂകാസില്‍ എങ്ങനെയെങ്കിലും തരംതാഴ്ത്തൽ ഒഴിവാക്കലാണ് ലക്ഷ്യമിടുന്നത്. അതിനായാണ് ക്ലബ് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.