Football in Malayalam

എഡ് വുഡ്‌വാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് രാജിവെച്ചത് സൂപ്പർ ലീഗിൽ ചേരാനുള്ള‌ ക്ലബ്ബിന്റെ തീരുമാനത്തിൽ നിരാശനായി

Gokul Manthara
Chelsea FC v Manchester United - Premier League
Chelsea FC v Manchester United - Premier League / Craig Mercer/MB Media/Getty Images
facebooktwitterreddit

യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചതിനാലാണ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനമൊഴിയാൻ എഡ് വുഡ്‌വാർഡ് തീരുമാനിച്ചതെന്ന് സൂചന. നേരത്തെ വുഡ്‌വാർഡ് യൂറോപ്യൻ സൂപ്പർ ലീഗിനെ പിന്തുണച്ചിരുന്നുവെന്നും ലീഗിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ പ്രക്ഷോഭങ്ങളെത്തുടർന്നാണ് അദ്ദേഹം വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചതെന്നുമായിരുന്നു വാർത്തകൾ. എന്നാൽ യൂറോപ്യൻ സൂപ്പർ ലീഗിനോട് ഒരു തരത്തിലും വുഡ്‌വാർഡ് യോജിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

യൂറോപ്യൻ സൂപ്പർ ലീഗിന്റെ പ്രഖ്യാപനത്തിന് ശേഷം, അതിന് പിന്തുണ നൽകിയവരിൽ പ്രധാനിയെന്ന് ചൂണ്ടിക്കാട്ടി ഫുട്ബോൾ ലോകം വുഡ്‌വാർഡിനെ കടുത്ത രീതിയിൽ വിമർശിച്ചിരുന്നു‌. യൂറോപ്യൻ സൂപ്പർ ലീഗിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ജെ പി മോർഗൻ എന്ന കമ്പനിയിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നതിന് മുൻപ് വുഡ്‌വാർഡ് ജോലി ചെയ്തിരുന്നത്. ഇതിനാൽ അദ്ദേഹം ഈ ലീഗിന് പിന്നിൽ നിർണായക പങ്ക് വഹിച്ചുവെന്ന രീതിയിലാണ് വാർത്തകൾ പുറത്ത് വന്നിരുന്നതും.

വിവിധ ഇംഗ്ലീഷ് ക്ലബ്ബുകൾ യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറുകയാണെന്നും സൂപ്പർ ലീഗ് തകർന്നു വീണേക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്ന സമയത്താണ് വുഡ്‌വാർഡിന്റെ രാജി വാർത്തയും പുറത്തായത്. ഇതെല്ലാം കൂട്ടിവായിച്ചപ്പോൾ വുഡ്‌വാർഡ് സൂപ്പർ ലീഗിന്റെ പിന്തുണക്കാരനാണെന്ന് ഭൂരിപക്ഷം ആൾക്കാരും കരുതി. എന്നാൽ അതായിരുന്നില്ല സത്യം.

യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയത്തോട് തുടക്കം മുതൽ യോജിപ്പില്ലായിരുന്ന വുഡ്‌വാർഡ്, അതിൽ ചേരാനുള്ള ഗ്ലേസേഴ്സിന്റെ (യുണൈറ്റഡിന്റെ അമേരിക്കൻ ഉടമകൾ) നീക്കത്തിൽ നിരാശനുമായിരുന്നു‌. മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെടുക്കുന്നയാൾ താനായത് കൊണ്ടു തന്നെ ക്ലബ്ബ് സൂപ്പർ ലീഗിൽ ചേരുകയാണെങ്കിൽ തനിക്ക് എല്ലായിടത്ത് നിന്നും നിരവധി കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമെന്ന് വുഡ്‌വാർഡ് മനസിലാക്കുകയും, അദ്ദേഹം ക്ലബ്ബിലെ തന്റെ സ്ഥാനം ഒഴിയുകയുമായിരുന്നെന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit