ഇക്വഡോറിന്റെ ലോകകപ്പ് യോഗ്യത നഷ്‌ടമാകാൻ സാധ്യത, പകരം കൊളംബിയ, ചിലി, ഇറ്റലി എന്നീ ടീമുകളിലൊന്ന് കളിച്ചേക്കും

Ecuador May Kicked Out From Qatar World Cup
Ecuador May Kicked Out From Qatar World Cup / Pool/GettyImages
facebooktwitterreddit

അയോഗ്യനായ കളിക്കാരനെ മത്സരത്തിന് ഇറക്കിയെന്ന കാരണം കൊണ്ട് ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറിനു ലോകകപ്പ് യോഗ്യത നഷ്‌ടമാകാൻ സാധ്യത. ഇക്വഡോറിനു വേണ്ടി കളിച്ച ബൈറോൺ കാസ്റ്റില്ലോയെന്ന താരം തന്റെ ജനനസർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ചുവെന്നും യഥാർത്ഥത്തിൽ താരം കൊളംബിയൻ സ്വദേശിയാണെന്നും ഉയരുന്ന ആരോപണങ്ങളിൽ ഫിഫ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ലോകകപ്പ് യോഗ്യത നഷ്‌ടമാകാൻ സാധ്യതയുള്ളത്.

കൊളംബിയയിലെ ടുമാകോ എന്ന സ്ഥലത്ത് 1995ലാണ് ബ്രയൻ കാസ്റ്റില്ലോ ജനിച്ചതെന്നു തെളിയിക്കുന്ന രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് ചിലി അവകാശപ്പെടുന്നത്. അതേസമയം താരത്തിന്റെ ജനനസംബന്ധമായ രേഖകളിൽ 1998ൽ ഇക്വഡോർ നഗരമായ ജനറൽ വിയ്യാമിൽ പ്ലയാസിൽ ജനിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുണ്ടോ ഡീപോർറ്റീവോയെ അധികരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം സംഭവത്തിൽ അന്വേഷണം നടത്തി കുറ്റം തെളിയിക്കപ്പെട്ടാൽ ഇക്വഡോറിന്റെ ലോകകപ്പ് യോഗ്യത ഒഴിവാക്കാൻ സാധ്യതയുണ്ട്. ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത് ലോകകപ്പ് യോഗ്യത നേടിയ ഇക്വഡോറിന്റെ ഭാവി ഏതാനും ദിവസങ്ങൾക്കുള്ളിൽ അറിയാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇക്വഡോർ ലോകകപ്പ് യോഗ്യതയിൽ നിന്നും പുറത്തു പോയാൽ കൊളംബിയ, ചിലി, ഇറ്റലി എന്നീ ടീമുകളിൽ ഒന്നിനായിരിക്കും ലോകകപ്പ് യോഗ്യത ലഭിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊളംബിയ, ചിലി ടീമുകൾ ഇക്വഡോറിനു പിന്നിൽ ഗ്രൂപ്പിൽ ഫിനിഷ് ചെയ്‌തത്‌ പരിഗണിക്കുമ്പോൾ ഇറ്റലിയെ ഫിഫ റാങ്കിങ്ങിലുള്ള ഉയർന്ന സ്ഥാനം വെച്ചാണ് ലോകകപ്പിന് പരിഗണിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.