World News

ചിലിയുടെ പരാതി തള്ളി; ഇക്വഡോര്‍ ലോകകപ്പ് കളിക്കും

Haroon Rasheed
Ecuador keeps their spot in the 2022 World Cup
Ecuador keeps their spot in the 2022 World Cup / RODRIGO BUENDIA/GettyImages
facebooktwitterreddit

ഇക്വഡോര്‍ ഖത്തര്‍ ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായി. ചിലി നല്‍കിയ പരാതി ഫിഫ തള്ളിയതോടെയാണ് ഇക്വഡോർ ലോകകപ്പ് കളിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഇക്വഡോര്‍ ലോകകപ്പ് യോഗ്യത നേടിയിരുന്നെങ്കിലും ഒരു താരത്തെ അവർ അനധികൃതമായാണ് കളിപ്പിച്ചതെന്ന ചിലിയുടെ പരാതിയാണ് ഫിഫ തള്ളിയത്.

എട്ട് യോഗ്യതാ മത്സരങ്ങളില്‍ കളിച്ച ഇക്വഡോര്‍ ഡിഫന്‍ഡര്‍ ബൈറോണ്‍ കാസ്റ്റിലോ അയോഗ്യനാണെന്ന അവകാശവാദത്തില്‍ അച്ചടക്ക സമിതി നടപടികള്‍ അവസാനിപ്പിച്ചതായി ഫിഫ വ്യക്തമാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

"ബന്ധപ്പെട്ട എല്ലാ കക്ഷികളും സമര്‍പ്പിച്ച കാര്യങ്ങള്‍ വിശകലനം ചെയ്യുകയും മുമ്പാകെ കൊണ്ടുവന്ന എല്ലാ ഘടകങ്ങളും പരിഗണിച്ച്, (ഇക്വഡോര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍നെതിരെ) ആരംഭിച്ച നടപടികള്‍ അവസാനിപ്പിക്കാന്‍ ഫിഫ അച്ചടക്ക സമിതി തീരുമാനിച്ചു," ഫിഫ പ്രസ്താവനയില്‍ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കി.

കാസ്റ്റിലോ കൊളംബിയക്കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ചിലി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫക്ക് പരാതി നല്‍കിയത്. ഇക്വഡോറിലാണ് ജനിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ കാസ്റ്റിലോ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും കൃത്രിമം കാട്ടിയെന്നായിരുന്നു പരാതി.

കാസ്റ്റില്ലോ യഥാര്‍ത്ഥത്തില്‍ കൊളംബിയയിലാണ് ജനിച്ചതെന്നും ഇക്വഡോര്‍ പൗരത്വത്തിന് അവകാശമില്ലെന്നും ചിലി നല്‍കിയ പരാതിയില്‍ പറയുന്നു.

അതേ സമയം, ഫിഫയുടെ നിലവിലെ തീരുമാനം ഫിഫയുടെ അപ്പീൽ കമ്മിറ്റിക്ക് മുൻപിലുള്ള അപ്പീലിന് വിധേയമാണെന്നും ഫിഫ അവരുടെ പ്രസ്‌താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിധിക്ക് എതിരെ അപ്പീൽ പോകുമെന്നും, വേണമെങ്കിൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിലേക്ക് പോകുമെന്നും ചിലി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പാബ്ലോ മിലാദ് വ്യക്തമാക്കിയപ്പോൾ, കായിക നീതി നടപ്പാക്കിയിട്ടുണ്ടെന്നാണ് വിധിയെ കുറിച്ച് ഇക്വഡോര്‍ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫ്രാൻസിസ്‌കോ ഇഗാസ് പറഞ്ഞു.

ആതിഥേയരായ ഖത്തര്‍, നെതര്‍ലന്‍ഡ്‌സ്, സെനഗല്‍ എന്നിവരുള്ള ഗ്രൂപ്പ് എയിലാണ് ഇക്വഡോര്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഖത്തറിനെതിരേയാണ് ഇക്വഡോറിന്റെ ലോകകപ്പിലെ ആദ്യ മത്സരം.


facebooktwitterreddit