Football in Malayalam

ഈസ്റ്റ് ബെംഗാൾ ഐ എസ് എല്ലിൽ കളിക്കുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

By Gokul Manthara
FBL-IND-EAST BENGAL-MOHUN BANGAN
FBL-IND-EAST BENGAL-MOHUN BANGAN / DIPTENDU DUTTA/Getty Images
facebooktwitterreddit

കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബെംഗാളും, അവരുടെ നിക്ഷേപകരായ ശ്രീ സിമന്റ്സും തമ്മിലുള്ള പ്രശ്നങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ഫുട്ബോളിലെ ചൂടുള്ള ചർച്ചാ വിഷയമാണ്. നിക്ഷേപകരുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഈസ്റ്റ് ബെംഗാളിന്റെ ഐ എസ് എൽ ഭാവി പോലും തുലാസിലായിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രശ്നങ്ങളെത്തുടർന്ന് ഈസ്റ്റ് ബെംഗാളിന് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറേണ്ടി വന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെ, ക്ലബ്ബ് അടുത്ത സീസണിലും ഐ എസ് എല്ലിൽ കളിക്കുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജി.

നേരത്തെ കഴിഞ്ഞ വർഷം നിക്ഷേപകരില്ലാതെ ഈസ്റ്റ് ബെംഗാൾ വലഞ്ഞ സമയത്ത് ശ്രീ സിമന്റ്സിനെ ക്ലബ്ബിന്റെ നിക്ഷേപകരായി കൊണ്ടു വരുന്നതിൽ നിർണായക പങ്ക് വഹിച്ച മമത ബാനർജി, ക്ലബ്ബ് വീണ്ടും പ്രശ്നത്തിൽപ്പെട്ടിരിക്കുന്ന സമയത്ത് നിർണായക ഇടപെടലുമായെത്തിയിരിക്കുന്നത് ഈസ്റ്റ് ബെംഗാൾ ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

"ഈസ്റ്റ് ബെംഗാൾ ഐ എസ് എല്ലിൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അന്തിമ കരാറുമായി ബന്ധപ്പെട്ട കാര്യത്തിൽ (ക്ലബ്ബും, നിക്ഷേപകരും) ചർച്ചകൾ നടക്കുന്നുണ്ട്. ലഭിക്കുന്ന വിവരമനുസരിച്ച് ഈസ്റ്റ് ബെംഗാൾ ഐ എസ് എല്ലിൽ കളിക്കും. അവസാന വട്ടവും എനിക്ക് ഇതിൽ ഇടപെടേണ്ടി വന്നു. അല്ലാതെ വേറെ വഴിയില്ലായിരുന്നു, കാരണം മോഹൻ ബഗാൻ ഐ എസ് എല്ലിൽ അപ്പോളേക്കുമുണ്ടായിരുന്നു, പശ്ചിമ ബംഗാളിൽ നിന്നുള്ള മറ്റൊരു ക്ലബ്ബ് കൂടി അവിടെ കളിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പു വരുത്തേണ്ടതായുണ്ടായിരുന്നു‌".

" ഇക്കുറിയും എല്ലാ കക്ഷികളുമായും ചർച്ചകൾ നടത്താനും, കാര്യങ്ങൾ ശരിയാക്കാനും ഞാൻ ആവശ്യപ്പെടും. 5 വർഷത്തേക്ക് ഉത്തരവാദിത്വമേറ്റെടുക്കുന്നത് വെറും തമാശയല്ല. നിക്ഷേപകർക്ക് 50 കോടി രൂപക്കടുത്ത് തുക ചിലവഴിക്കേണ്ടി വരും. കഴിഞ്ഞ തവണ ക്ലബ്ബിലേക്ക് വരാനും അവിടെ നിക്ഷേപം നടത്താനും തങ്ങൾ അവരെ (ശ്രീ സിമന്റ്സ്) ബോധ്യപ്പെടുത്തിയിരുന്നു. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. ഉടൻ തന്നെ ഈസ്റ്റ് ബെംഗാൾ ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടരുമെന്നും, ക്ലബ്ബ് ഐ എസ് എല്ലിൽ കളിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു." മമത ബാനർജി പറഞ്ഞു.

അതേ സമയം കഴിഞ്ഞ വർഷം ഈസ്റ്റ് ബെംഗാളിന്റെ നിക്ഷേപകരായെത്തിയ ശ്രീ സിമന്റ്സുമായി ക്ലബ്ബ് ടേം ഷീറ്റിൽ ഒപ്പു വെച്ചിരുന്നുവെങ്കിലും, അന്തിമ കരാർ ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നില്ല. ‌ടേം ഷീറ്റിലും, അന്തിമ കരാർ ഉടമ്പടിയിലും വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി ഇതു വരേക്കും അന്തിമ കരാറിൽ ഒപ്പു വെക്കാൻ കൊൽക്കത്തൻ ക്ലബ്ബ് തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നമാണ് ഇപ്പോൾ വഷളായി ഈ നിലയിലെത്തിയിരിക്കുന്നത്.

facebooktwitterreddit