ഹാലൻഡിനെ സ്വന്തമാക്കാനുള്ള പണം കണ്ടെത്തുന്നതിന് ഈഡൻ ഹസാർഡിനെ വിൽക്കാൻ റയൽ മാഡ്രിഡിന് പദ്ധതികളെന്ന് സൂചന

അടുത്ത സമ്മറിൽ നോർവീജിയൻ മുന്നേറ്റ താരം എർലിംഗ് ഹാലൻഡിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന് താല്പര്യമെന്നും ഈ ട്രാൻസ്ഫറിന് പണം കണ്ടെത്തുന്നതിന് തങ്ങളുടെ ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡിനെ വിൽക്കാൻ അവർക്ക് പദ്ധതികളെന്നും സൂചന. 2019 ൽ വലിയ പ്രതീക്ഷകളോടെ ചെൽസിയിൽ നിന്ന് സ്വന്തമാക്കിയ ഈഡൻ ഹസാർഡ് ക്ലബ്ബിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോൾ അദ്ദേഹത്തെ വിൽക്കാനുള്ള നീക്കത്തെക്കുറിച്ച് റയൽ ആലോചിച്ചു തുടങ്ങിയിരിക്കുന്നത്.
വൻ തുക നൽകി 2019 ൽ ടീമിലെത്തിച്ച ഹസാർഡ് ക്ലബ്ബിൽ പരാജയമായെങ്കിലും അദ്ദേഹത്തെ വിൽക്കുന്നതിലൂടെ ഇപ്പോളും മികച്ച തുക കണ്ടെത്താനാകുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്. അടുത്ത സമ്മറിൽ താരത്തെ വിൽക്കാനായാൽ ഹാലൻഡിനെ സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള പണം കണ്ടെത്താമെന്ന് വിശ്വസിക്കുന്ന അവർ അത് കൊണ്ടു തന്നെ അടുത്ത സമ്മറിൽ ഹസാർഡിനെ വിൽക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് സ്പാനിഷ് മാധ്യമമായ സ്പോർടാണ് റിപ്പോർട്ട് ചെയ്യുന്നത്.
Real Madrid ready to sell Eden Hazard to fund Erling Haaland transferhttps://t.co/09jTe6Uj1n pic.twitter.com/wRxMXy53IU
— Mirror Football (@MirrorFootball) October 11, 2021
നിലവിൽ ലോകത്തെ ഏറ്റവും മികച്ച യുവ മുന്നേറ്റ താരങ്ങളിലൊരാളായ ഹാലൻഡിൽ യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകൾക്കും കണ്ണുണ്ട്. അത് കൊണ്ടു തന്നെ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഈ ബൊറൂസിയ ഡോർട്ട്മുണ്ട് താരത്തിനായി ശക്തമായ മത്സരം നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഹാലൻഡിനെ സ്വന്തമാക്കുന്നതിന് മറ്റ് വമ്പൻ ക്ലബ്ബുകളോട് മത്സരിക്കാൻ വൻ തുക കൈവശമുണ്ടാകേണ്ടതുണ്ടെന്ന് അനിവാര്യമാണെന്ന് കൃത്യമായി ബോധ്യമുള്ള റയൽ അതു കൊണ്ടു തന്നെയാണ് ഹസാർഡിനെപ്പോലൊരു സൂപ്പർ താരത്തെ വിൽക്കാൻ തയ്യാറാവുന്നത്.
നേരത്തെ 2019 ൽ 88 മില്ല്യൺ പൗണ്ടിനായിരുന്നു ബെൽജിയം സൂപ്പർ താരമായ ഈഡൻ ഹസാർഡിനെ റയൽ ടീമിലെത്തിച്ചത്. എന്നാൽ വലിയ പ്രതീക്ഷകളോടെ മാഡ്രിഡ് ക്ലബ്ബിലെത്തിയെങ്കിലും, പ്രതീക്ഷിച്ച മികവ് അവിടെ പുറത്തെടുക്കാൻ മധ്യനിര താരത്തിന് കഴിഞ്ഞില്ല. ഫിറ്റ്നസ് പ്രശ്നങ്ങളും, ഫോം നഷ്ടവും നിറഞ്ഞു നിൽക്കുന്ന ഹസാർഡിന്റെ റയൽ മാഡ്രിഡ് കരിയറിൽ ആരാധകരും അതൃപ്തരാണ്. റയലിനായി ഇതു വരെ വെറും 51 മത്സരങ്ങളിൽ മാത്രം കളിക്കാൻ കഴിഞ്ഞ ഹസാർഡിന് 5 ഗോളുകളും, 9 അസിസ്റ്റുകളുമേ അവിടെ നേടാനായിട്ടുള്ളൂ.