Football in Malayalam

റൊണാൾഡോയെ പ്രശംസിച്ച് മിർസിയ ലുസെസ്കു; നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരം നെയ്മറെന്നും ഡൈനാമോ കീവ് പരിശീലക‌ൻ

Gokul Manthara
ACF Fiorentina v Juventus - Serie A
ACF Fiorentina v Juventus - Serie A / Gabriele Maltinti/Getty Images
facebooktwitterreddit

സമീപകാല ഫോമിന്റെ പേരിൽ കനത്ത വിമർശനങ്ങൾക്ക് വിധേയനാകുന്ന യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി ഉക്രൈൻ ക്ലബ്ബായ ഡൈനാമോ കീവിന്റെ പരിശീലകനായ മിർസിയ ലുസെസ്കു. യുവന്റസിന്റെ സമീപകാലത്തെ നിരാശാജനകമായ പ്രകടനങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന് റൊണാൾഡോയുടെ ഫോമാണെന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് താരത്തിന് പ്രതിരോധം തീർക്കുന്ന വാക്കുകളുമായി ലുസെസ്കു എത്തിയിരിക്കുന്നത്.

റൊണാൾഡോ മുൻപ് കളിച്ചു കൊണ്ടിരുന്നത് പോലെ തന്നെയാണ് ഇപ്പോളും കളിക്കുന്നതെന്നാണ് ലുസെസ്കു പറയുന്നത്. ഒരു മുപ്പത്തിയാറുവയസുകാരനെപ്പോലെയല്ല അദ്ദേഹം കാണപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഡൈനാമോ കീവ് പരിശീലകൻ, യുവന്റസിലെ അദ്ദേഹത്തിന്റെ സഹതാരങ്ങൾ പ്രതീക്ഷിച്ചത് പോലെ കളിക്കുന്നില്ലെന്നും ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്പോർടിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറാണെന്നും സംസാരത്തിനിടെ ലുസെസ്കു അഭിപ്രായപ്പെട്ടു. തന്റെ മികച്ച അവസ്ഥയിലായിരിക്കുമ്പോൾ എംബാപ്പെയേക്കാളും നന്നായി നെയ്മർ കളിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബ്രസീലിയൻ ഇതിഹാസമായിരുന്ന റൊണാൾഡോയെ ഓർമ്മപ്പെടുത്തുന്ന കളിക്കാരനാണ് നെയ്മറെന്നും, ഏറ്റവും മികച്ച രീതിയിൽ പരിശീലനം നടത്തുമ്പോൾ ഏറ്റവും മികച്ച താരമായി അദ്ദേഹം മാറുന്നുവെന്നും കൂട്ടിച്ചേർത്തു.

അതേ സമയം, കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ലെങ്കിലും 2020-21 സീസണിൽ മികച്ച റെക്കോർഡാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കുള്ളത്. ഈ സീസണിൽ ഇതു വരെ കളിച്ച 39 മത്സരങ്ങളിൽ 32 ഗോളുകൾ നേടിക്കഴിഞ്ഞ താരം 4 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit