ലോകകപ്പിനുള്ള അർജന്റീന ടീമിൽ താനുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് പൗളോ ഡിബാല
By Sreejith N

ഈ വർഷാവസാനം നടക്കുന്ന ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിൽ താനുണ്ടാകുമെന്ന ഉറപ്പില്ലെന്ന് പൗളോ ഡിബാല. എല്ലാ പൊസിഷനിലും മികച്ച താരങ്ങളുള്ള അർജന്റീന ടീമിൽ ഇടം പിടിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഇന്നലെ ഇറ്റലിക്കെതിരായ മത്സരത്തിനു ശേഷം താരം പറഞ്ഞു.
ഇറ്റലിക്കെതിരായ മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ടിൽ പകരക്കാരനായാണ് ഡിബാല കളത്തിലിറങ്ങിയത്. ഇഞ്ചുറി ടൈമിന്റെ അവസാനത്തെ മിനുട്ടിൽ മെസിയുടെ പാസ് സ്വീകരിച്ച് ടീമിന്റെ അവസാന ഗോൾ നേടാനും താരത്തിന് കഴിഞ്ഞിരുന്നു. അതിനു ശേഷം ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോഴാണ് ലോകകപ്പിനെ കുറിച്ച് ഡിബാല പറഞ്ഞത്.
Paulo Dybala: “I don’t feel like I am in the Argentina team for the World Cup”. https://t.co/sppCaSpsw7
— Roy Nemer (@RoyNemer) June 2, 2022
"ലോകകപ്പിന് ഞാൻ ടീമിനുള്ളിൽ ഉണ്ടാകുമെന്ന തോന്നൽ എനിക്കിപ്പോൾ ഇല്ല. പലതും നഷ്‌ടമായിട്ടുണ്ട്, കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടു പോകേണ്ടതുണ്ട്. അർജന്റീന ദേശീയ ടീമിൽ എല്ലാ പൊസിഷനിലും മികച്ച താരങ്ങളുണ്ട്. ഒന്നും അത്ര എളുപ്പമല്ല. ലോകകപ്പ് വരെ ഞാനെന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ശ്രമിക്കും." ഡിബാല പറഞ്ഞു.
യുവന്റസ് കരാർ അവസാനിച്ച ഡിബാല ക്ലബ് വിടുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഫ്രീ ഏജന്റായ താരത്തിനു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ടെങ്കിലും ഡിബാല എവിടേക്കാണ് ചേക്കേറുക എന്ന കാര്യത്തിൽ യാതൊരു സൂചനയുമില്ല. ഇന്റർ മിലാൻ, റോമ, ടോട്ടനം എന്നീ ക്ലബുകളാണ് ഇപ്പോൾ ഡിബാലക്കായി ശ്രമം നടത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.