Football in Malayalam

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അപ്രതീക്ഷിത താരക്കൈമാറ്റത്തിനൊരുങ്ങി ബാഴ്‌സലോണയും യുവന്റസും

Sreejith N
Osasuna v FC Barcelona - La Liga Santander
Osasuna v FC Barcelona - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ, യുവന്റസ് ആരാധകരെ ഞെട്ടിച്ചാണ് ഇരുടീമുകളിലും മികച്ച പ്രകടനം കാഴ്‌ച വെച്ചിരുന്ന താരങ്ങളായ ആർതർ മെലോയെയും മിറാലം പ്യാനിച്ചിനെയും ക്ലബുകൾ കൈമാറ്റം ചെയ്യുന്നത്. കോവിഡ് ഏൽപ്പിച്ച ആഘാത്തിൽ ഉലഞ്ഞ ക്ലബിന്റെ അക്കൗണ്ടുകളെ നികത്താനുള്ള ഒരു നീക്കമായിരുന്നു അതെങ്കിലും ബാഴ്‌സലോണ ആരാധകരും പ്യാനിച്ചും ആ നീക്കത്തിൽ ഇപ്പോൾ തൃപ്‌തരായിരിക്കാനിടയില്ല.

ബാഴ്‌സലോണയും യുവന്റസും തമ്മിൽ നിലനിൽക്കുന്ന പരസ്‌പര ധാരണയും മികച്ച ബന്ധവും ആ ട്രാൻസ്‌ഫറിലൂടെ എല്ലാവർക്കും വ്യക്തമായതാണ്. ഈ ബന്ധം അടുത്ത സമ്മറിൽ ഇരുടീമുകളും തമ്മിൽ മറ്റൊരു കൈമാറ്റക്കരാറിനു കൂടി വഴിയൊരുക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്റോയിൻ ഗ്രീസ്‌മാനെയും പൗളോ ഡിബാലയെയുമാണ് ക്ലബുകൾ തമ്മിൽ കൈമാറ്റം ചെയ്യുകയെന്ന് ഇറ്റാലിയൻ മാധ്യമമായ കൊറേറ ഡെല്ല സ്‌പോർടിനെ അടിസ്ഥാനമാക്കി മാർക്ക പുറത്തുവിട്ടു‌.

പൗളോ ഡിബാല
ഡിബാലയുടെ യുവന്റസ് കരാർ അടുത്ത സീസണിന് ശേഷം അവസാനിക്കും / Quality Sport Images/Getty Images

അത്ലറ്റികോ മാഡ്രിഡിൽ നിന്നും വൻതുക മുടക്കി സ്വന്തമാക്കിയ ഗ്രീസ്മാന് ഇതുവരെയും തന്റെ മികവ് ബാഴ്സക്കൊപ്പം പൂർണമായി പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. കനത്ത പ്രതിഫലം വാങ്ങുന്ന താരം ടീമിന്റെ ശൈലിക്ക് അനുയോജ്യനാകില്ലെന്ന തിരിച്ചറിവാണ് ഗ്രീസ്മാനെ ഒഴിവാക്കാൻ ബാഴ്‌സയെ പ്രേരിപ്പിക്കുന്നത്.

അതേസമയം ഡിബാല യുവന്റസുമായി കരാർ പുതുക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ബാഴ്‌സലോണയിൽ കളിക്കാനുള്ള താൽപര്യം നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുള്ള താരം ഇങ്ങനൊരു ഓഫർ വന്നാൽ അതു പരിഗണിക്കാനുള്ള സാധ്യതയുണ്ട്. മെസി ബാഴ്‌സ വിടാൻ സാധ്യതയുണ്ടെന്നത് ഡിബാലയോടുള്ള ബാഴ്‌സയുടെ താൽപര്യത്തെ വർധിപ്പിക്കുന്നു.

ഒരേ നിലവാരത്തിൽ കളിക്കുന്ന താരങ്ങളായതു കൊണ്ടു തന്നെ ഇരുടീമുകൾക്കും ഒരേ ഗുണമാണ് ഈ ട്രാൻസ്‌ഫർ കൊണ്ടുണ്ടാവുക. എന്നാൽ ഗ്രീസ്മാനേക്കാൾ പ്രായം ഡിബാലക്ക് കുറവാണെന്നതു കൊണ്ട് ബാഴ്‌സലോണക്ക് കൂടുതൽ കാലം അർജന്റീനിയൻ താരത്തെ ഉപയോഗിക്കാൻ കഴിയും.

facebooktwitterreddit