Serie A

റോമയുടെ പത്താം നമ്പർ ജേഴ്‌സി നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി പൗളോ ഡിബാല

Sreejith N
Dybala Explains Rejecting No.10 Jersey At Roma
Dybala Explains Rejecting No.10 Jersey At Roma / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ഇറ്റാലിയൻ ക്ലബായ റോമയുടെ പത്താം നമ്പർ ജേഴ്‌സിയണിയാൻ ലഭിച്ച അവസരം വേണ്ടെന്നു വെച്ചതിന്റെ കാരണം പറഞ്ഞ് ടീമിന്റെ പുതിയ സൈനിങായ പൗളോ ഡിബാല. യുവന്റസ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായി റോമയിലേക്ക് ചേക്കേറിയ താരം
പത്താം നമ്പർ ജേഴ്‌സിക്ക് പകരം യുവന്റസിലെന്നതു പോലെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്‌സിയാണു തിരഞ്ഞെടുത്തത്.

റോമയുടെ ഇതിഹാസതാരമായ ഫ്രാൻസിസ്‌കോ ടോട്ടി വിരമിച്ച സമയത്ത് ക്ലബ് പത്താം നമ്പർ ജേഴ്‌സി റിട്ടയർ ചെയ്‌തിരുന്നു. ഡിബാല റോമയിലേക്ക് വരികയാണെങ്കിൽ ആ ജേഴ്‌സി താരത്തിന് നൽകാമെന്ന് റോമ ഓഫർ നൽകിയിരുന്നെങ്കിലും ടോട്ടിയോടുള്ള ബഹുമാനം കൊണ്ട് താരം അതു നിഷേധിക്കുകയായിരുന്നു.

"ഞാൻ പത്താം നമ്പർ ജേഴ്‌സിയെടുക്കണമെന്ന് ഡയറക്റ്റർ നിർദ്ദേശിച്ചിരുന്നു. ടോട്ടി ചെയ്‌ത കാര്യങ്ങൾ കൊണ്ടു തന്നെ അതിവിടെ വളരെ പ്രധാനപ്പെട്ടതാണ്. അതിപ്പോഴും താരത്തിന്റെ തന്നെയാണ്. ഞാൻ അവരോട് നന്ദി പറഞ്ഞു. കാരണം അതുപോലൊരു ജേഴ്‌സി ബഹുമാനവും ഉത്തരവാദിത്വവും അർഹിക്കുന്നതാണ്."

"ചിലപ്പോൾ എന്നെങ്കിലുമൊരിക്കൽ ഞാനത് അണിയും. എന്നാൽ ഇപ്പോൾ ഇരുപത്തിയൊന്നാം നമ്പർ ജേഴ്‌സിയിൽ ഞാൻ വളരെ സംതൃപ്‌തനാണ്. ഈ നമ്പറിലാണ് ഞാൻ വിജയങ്ങൾ നേടിയത്, എന്റെ കൂടെയുള്ളതുമതാണ്." ഡിബാല മാധ്യമങ്ങളോട് സംസാരിക്കേ പറഞ്ഞു.

ഇന്റർ മിലാൻ, എസി മിലാൻ എന്നീ ടീമുകളുടെ ഓഫർ ഉണ്ടായിരുന്നിട്ടും റോമയെ തിരഞ്ഞെടുക്കാൻ കാരണം മൗറീന്യോ നേരിട്ടു വിളിച്ച് ടീമിന്റെ പദ്ധതികൾ കൃത്യമായി വിശദീകരിച്ചതു കൊണ്ടാണെന്നും ഡിബാല വ്യക്തമാക്കി. നിലവിൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ച താരം ജൂലൈ മുപ്പതിന് ടോട്ടനവുമായി നടക്കുന്ന സൗഹൃദമത്സരത്തിൽ ഇറ്റാലിയൻ ടീമിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit