യുറുഗ്വായ്‌ക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ മെസി ആദ്യ ഇലവനിലുണ്ടാകില്ല, പകരക്കാരനായി ഡിബാലയിറങ്ങും

Sreejith N
Argentina Training Session
Argentina Training Session / Marcelo Endelli/GettyImages
facebooktwitterreddit

യുറുഗ്വായും അർജന്റീനയും തമ്മിൽ ഈ മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ പരിക്കിൽ നിന്നും പൂർണമായും വിമുക്തനാവാത്ത ലയണൽ മെസി അർജന്റീനയുടെ ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ലെന്നു റിപ്പോർട്ടുകൾ. മെസിക്കു പകരക്കാരനായി യുവന്റസ് സൂപ്പർതാരം പൗളോ ഡിബാല ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും.

മത്സരത്തിൽ മെസിയെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് എഎസിനെ അധികരിച്ച് അർജന്റീന മാധ്യമം മുണ്ടോ ആൽബിസെലെസ്റ്റെ പുറത്തു വിട്ട വാർത്ത വ്യക്തമാക്കുന്നു. പകരക്കാരുടെ നിരയിലുള്ള മെസി രണ്ടാം പകുതിയിൽ കളത്തിലിറങ്ങാനുള്ള സാധ്യതയുണ്ട്.

അതേസമയം കോവിഡ് അണുബാധ കണ്ടെത്തിയതു മൂലം നിക്കോളാസ് ഗോൺസാലസ് മത്സരത്തിനുള്ള ടീമിൽ ഉണ്ടായിരിക്കില്ല. ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ് എന്നിവരാവും ഡിബാലക്കൊപ്പം യുറുഗ്വായ്‌ക്കെതിരെ അർജന്റീന മുന്നേറ്റനിരയിൽ ഇറങ്ങുക.

ഡിബാലയെ സംബന്ധിച്ച് അർജന്റീന ടീമിൽ തന്റെ സ്ഥാനം സ്ഥിരമാക്കാനുള്ള അവസരമാണ് യുറുഗ്വായ്‌ക്കെതിരായ മത്സരം. മെസിയില്ലാത്തപ്പോൾ താരത്തിന്റെ അഭാവം പരിഹരിക്കാൻ തനിക്കു കഴിയുമെന്ന് ഡിബാല തെളിയിച്ചാൽ അർജന്റീന ആരാധകർക്കും അത് ആശ്വാസമായിരിക്കും.

നവംബർ 13നു രാവിലെ 4.30നാണു അർജന്റീന യുറുഗ്വായെ നേരിടുന്നത്. 2019 കോപ്പ അമേരിക്ക സെമി ഫൈനലിനു ശേഷം പരാജയം അറിഞ്ഞിട്ടില്ലാത്ത അർജന്റീന ആ റെക്കോർഡ് നിലനിർത്താൻ തന്നെയാവും യുറുഗ്വായ്‌ക്കെതിരെ ശ്രമിക്കുക.

facebooktwitterreddit