Football in Malayalam

സെര്‍ബിയക്കെതിരെയുള്ള മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി ഡുസാന്‍ വ്ളാഹോവിച്ച്

Haroon Rasheed
Cristiano Ronaldo
Cristiano Ronaldo / Zed Jameson/MB Media/GettyImages
facebooktwitterreddit

സെര്‍ബിയക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നോട് പറഞ്ഞ കാര്യം എന്തെന്ന് വെളിപ്പെടുത്തി സെര്‍ബിയന്‍ താരം ഡുസാന്‍ വ്ളാഹോവിച്ച്. നേരത്തെ സെർബിയയുടെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ താൻ നേടിയ അവസാനനിമിഷ ഗോൾ അനുവദിക്കപ്പെടേണ്ടതായിരുന്നെന്നാണ് റൊണാൾഡോ തന്നോട് പറഞ്ഞതെന്ന് വ്ളാഹോവിച്ച് വ്യക്തമാക്കി. ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് വ്ളാഹോവിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്.

"ഞാൻ അദ്ദേഹത്തിനടുത്തേക്ക് പോയി, അദ്ദേഹം ആ നിമിഷത്തിൽ വളരെ പരിഭ്രമത്തിലും, ദേഷ്യത്തിലുമായിരുന്നു. "അദ്ദേഹം എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം ബെല്‍ഗ്രേഡിലെ ഗോള്‍ അനുവദിക്കേണ്ടയാതിരുന്നു എന്നും, അത് ഒരുപക്ഷെ എല്ലാം മാറ്റിമറിച്ചു എന്നുമാണ്," വ്ളാഹോവിച്ച് വെളിപ്പെടുത്തി.

"പ്ലേ ഓഫില്‍ ഞാൻ അദ്ദേഹത്തിന് ആശംസകൾ നേരുകയും, ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ഉള്ളതിനാൽ അവർ മുന്നേറുമെന്നും ഞാൻ പറഞ്ഞു," വ്ളാഹോവിച്ച് കൂട്ടിച്ചേർത്തു. സെര്‍ബിയക്കെതിരെയുള്ള തോല്‍വിയോടെ പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യതക്കായി പ്ലേ ഓഫ് കളിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.

പോർച്ചുഗലിന് എതിരെയുള്ള മത്സരത്തില്‍ 1-1ന് സമനിലയില്‍ നില്‍ക്കുന്ന സമയത്ത് 90ആം മിനുട്ടില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച് നേടിയ ഗോളിലായിരുന്നു സെർബിയ പറങ്കിപ്പടയെ വീഴ്ത്തി ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.

അതേ സമയം, പോർച്ചുഗലിന് പുറമെ നിലവിലെ യൂറോ ജേതാക്കളായ ഇറ്റലിയും പ്ലേഓഫിലൂടെ ലോകകപ്പ് യോഗ്യത നേടേണ്ട അവസ്ഥയിലാണ്. ഇരു ടീമുകൾക്കും പുറമെ പോളണ്ട്, സ്കോട്ലൻഡ്, റഷ്യ, സ്വീഡൻ, വെയിൽസ്, തുർക്കി, പോളണ്ട്, നോർത്ത് മാസിഡോണിയ, ഉക്രൈൻ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ ടീമുകളാണ് യൂറോപ്യൻ പ്ലേഓഫിലുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit