ബൊറൂസിയ ഡോർട്മുണ്ടിന്റെ പുതിയ സൈനിങായ സെബാസ്റ്റ്യൻ ഹാളറിന് ക്യാൻസർ സ്ഥിരീകരിച്ചു


ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ സെബാസ്റ്റ്യൻ ഹാളർക്ക് ക്യാൻസർ സ്ഥിരീകരിച്ചു. ടീമിനൊപ്പം പ്രീ സീസൺ മത്സരങ്ങൾക്കു വേണ്ടി പരിശീലനം നടത്തുന്നതിനിടെ അസുഖബാധിതനായ താരത്തിനു നടത്തിയ വിശദമായ പരിശോധനകളിൽ വൃഷണഭാഗത്ത് ക്യാൻസർ കണ്ടെത്തിയതായി ബൊറൂസിയ ഡോർട്മുണ്ട് സ്ഥിരീകരിച്ചു.
എർലിങ് ബ്രൂട്ട് ഹാലൻഡ് ടീം വിട്ടതോടെയാണ് ഇരുപത്തിയെട്ടു വയസുള്ള സെബാസ്റ്റ്യൻ ഹാളറിനെ ബൊറൂസിയ ഡോർട്മുണ്ട് ടീമിലെത്തിച്ചത്. അയാക്സ് താരമായിരുന്ന ഹാളർ കഴിഞ്ഞ സീസണിൽ ഡച്ച് ലീഗിലെ ടോപ് സ്കോററായിരുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗിൽ പതിനൊന്നു ഗോളുകൾ നേടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Borussia Dortmund announced Sebastien Haller has been diagnosed with testicular cancer.
— GOAL (@goal) July 18, 2022
Get well soon, Sebastien 💛 pic.twitter.com/nEwA63xLGq
ശാരീരികമായ അസ്വസ്ഥതകൾ കാരണം സ്വിറ്റ്സർലൻഡിലെ ബാദ് റഗാസിലെ പരിശീലനക്യാമ്പിൽ നിന്നും താരത്തിന് പോകേണ്ടി വന്നുവെന്നും അതിനു ശേഷം ഡോർട്മുണ്ടിലേക്ക് തിരിച്ചെത്തി നടത്തിയ പരിശോധനകളിലാണ് അർബുദം കണ്ടെത്തിയതെന്നും ബൊറൂസിയ ഡോർട്മുണ്ടിന്റെ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു.
വിശദമായ പരിശോധനകൾ നടത്തിയാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നും താരത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യത ബഹുമാനിക്കണമെന്നും ജർമൻ ക്ലബ് ആവശ്യപ്പെട്ടു. മറ്റു വിവരങ്ങൾ ലഭിക്കുമ്പോൾ അറിയിപ്പ് നൽകുമെന്നും അവർ വ്യക്തമാക്കി.
ഹാളറുടെ അസുഖം സംബന്ധിച്ച വിവരം വലിയൊരു ഞെട്ടലാണ് ഉണ്ടാക്കിയതെന്നാണ് ഡോർട്മുണ്ട് സിഇഒ സെബാസ്റ്റ്യൻ കെഹ്ൽ പ്രതികരിച്ചത്. താരം എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം ഏറ്റവും മികച്ച ചികിത്സ ഹാളർക്ക് നൽകുമെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.