Football in Malayalam

ഹാലൻഡിന്റെ ഭാവിയെ സംബന്ധിച്ച് അടുത്തു തന്നെ തീരുമാനമെടുക്കുമെന്ന് ബൊറൂസിയ ഡോർട്മുണ്ട് മേധാവി

Sreejith N
Borussia Dortmund v SpVgg Greuther Fürth - Bundesliga
Borussia Dortmund v SpVgg Greuther Fürth - Bundesliga / Dean Mouhtaropoulos/GettyImages
facebooktwitterreddit

എർലിങ് ബ്രൂട് ഹാലാൻഡിന്റെ ഭാവിയെ സംബന്ധിച്ച് വരുന്ന ഏതാനും ആഴ്‌ചകളുടെ ഉള്ളിൽ കൃത്യമായൊരു തീരുമാനം എടുക്കുമെന്ന് ബൊറൂസിയ ഡോർട്മുൻഫ് ഫസ്റ്റ് ടീം ഫുട്ബോളിന്റെ ഹെഡായ സെബാസ്റ്റ്യൻ കെഹ്ൽ വ്യക്തമാക്കി. യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം നോട്ടമിട്ടിട്ടുള്ള നോർവീജിയൻ താരത്തെ ബാഴ്‌സലോണ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഡോർട്മുണ്ട് മേധാവിയുടെ വെളിപ്പെടുത്തൽ.

2020ൽ റെഡ്ബുൾ സാൽസ്ബർഗിൽ നിന്നും ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ചേക്കേറിയ എർലിങ് ബ്രൂട് ഹാലാൻഡ് നാലര വർഷത്തെ കരാറാണ് ജർമൻ ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്. ജർമനിയിൽ എത്തിയതിനു ശേഷം 75 മത്സരങ്ങളിൽ നിന്നും 76 ഗോളുകൾ നേടിയ താരം നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.

ഇരുപത്തിയൊന്നു വയസുള്ള താരത്തിനായി ബാഴ്‌സലോണയും റയൽ മാഡ്രിഡുമടക്കം യൂറോപ്പിലെ വമ്പൻ ക്ലബുകൾ ഓഫറുമായി വന്നു നിൽക്കെയാണ് താരത്തിന്റെ ഭാവിയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡോർട്മുണ്ട് നിർബന്ധിതമായത്. ഈ സീസണു ശേഷം താരത്തിന്റെ കരാറിലുള്ള 75 മില്യൺ യൂറോയുടെ റിലീസിങ് ക്ളോസ് ആക്റ്റീവ് ആകുമെന്ന സൂചനകളും കെഹ്ൽ നൽകി.

"സാഹചര്യങ്ങൾ വളരെ വ്യക്തമാണ്. താരത്തിന് ഈ സമ്മറിൽ തന്റെ കരാറിൽ നിന്നും പുറത്തു കടക്കാനുള്ള അവസരമുണ്ട്. ബൊറൂസിയ ഡോർട്മുണ്ടിൽ താരം വളരെ മികച്ചതായിരിക്കും എന്നു കരുതാൻ നിരവധി കാരണങ്ങളുണ്ട്. ഇവിടെ തുടരുന്നത് താരത്തെ സംബന്ധിച്ച് നല്ലൊരു തിരഞ്ഞെടുപ്പുമാകും."

"എർലിങ് ഹാലൻഡുമായി കൂടിയിരുന്ന് നിലവിലെ സാഹചര്യത്തെ കുറിച്ച് ഞങ്ങൾ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ചർച്ചകൾ നടത്തും. ഒരു തീരുമാനം എടുക്കുന്നത് വളരെ വൈകാതിരിക്കുകയാണ് നല്ലത്." ജർമൻ ക്ലബിന്റെ മുൻ നായകൻ കൂടിയായ കെഹ്ൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്‌തു.

മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി, ബയേൺ മ്യൂണിക്ക്, പിഎസ്‌ജി എന്നീ ക്ലബുകൾക്കെല്ലാം എർലിങ് ഹാലാൻഡിൽ വളരെയധികം താൽപര്യമുണ്ടെങ്കിലും താരം സ്പെയിനിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹങ്ങൾ. റയലാണോ ബാഴ്‌സലോണ ആ പോരാട്ടത്തിൽ വിജയിക്കുകയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit