ഹാലൻഡ് ജനുവരിയിൽ ഡോർട്മുണ്ട് വിടില്ല, അടുത്ത സീസണിൽ താരത്തെ നിലനിർത്തുക ദുഷ്‌കരമെന്നും ഡോർട്മുണ്ട് സിഇഒ

Borussia Dortmund v Besiktas: Group C - UEFA Champions League
Borussia Dortmund v Besiktas: Group C - UEFA Champions League / Alex Grimm/GettyImages
facebooktwitterreddit

റയൽ മാഡ്രിഡും ബാഴ്‌സലോണയുമടക്കം യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് സ്വന്തമാക്കാൻ താൽപര്യമുള്ള ബോറുസിയെ ഡോർട്മുണ്ട് താരം എർലിങ് ബ്രൂട് ഹാലൻഡ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടില്ലെന്നു വ്യക്തമാക്കി ബൊറൂസിയ ഡോർട്മുണ്ട് സിഇഒ ഹാൻസ് ജോക്കിം വാട്സകെ. അതേസമയം അടുത്ത സീസണിൽ താരത്തെ തങ്ങൾക്കൊപ്പം നിലനിർത്തുക വളരെ പ്രയാസമേറിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളെയും ഭാവിയിൽ ബാലൺ ഡി ഓർ നേടാൻ കഴിയുന്ന കളിക്കാരനായുമെല്ലാം വിലയിരുത്തപ്പെടുന്ന എർലിങ് ബ്രൂട് ഹാലൻഡ് അടുത്ത സമ്മറിൽ ഏതു ക്ലബിലേക്കാണ് ചേക്കേറുക എന്നറിയാൻ ഫുട്ബോൾ ലോകം വളരെ താൽപര്യത്തോടെ കാത്തിരിക്കയാണ്. അതിനിടയിൽ ഡോർട്മുണ്ടിൽ എത്തിയതു പോലെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ മറ്റു ക്ലബുകൾ സ്വന്തമാക്കുമോയെന്ന സംശയത്തിനു മറുപടി പറയുകയായിരുന്നു ഡോർട്മുണ്ട് സിഇഒ.

"അവർക്ക് പോകേണ്ടതില്ലെങ്കിൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളെ ആരാണ് വിന്റർ മാർക്കറ്റിൽ വിട്ടു കൊടുക്കുക. ഹാലൻഡ് ജനുവരിയിൽ ക്ലബ് വിടില്ല, ബൊറൂസിയ ഡോർട്മുണ്ട് ഇപ്പോഴും മൂന്നു കിരീടപ്പോരാട്ടങ്ങളിൽ സജീവമായി തുടരുന്നു. അതിൽ ഞങ്ങൾക്ക് ഏറ്റവും മികച്ച ടീമിനെക്കൊണ്ടു തന്നെ പൊരുതേണ്ടതുണ്ട്." ഡെർ സ്പീഗലിനോട് വാട്സകെ പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.

അതേസമയം താരത്തെ ഈ സീസണിനപ്പുറം നിലനിർത്തുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. "തീർച്ചയായും താരത്തെ നിലനിർത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. പക്ഷെ ഞങ്ങൾക്കത് ആവശ്യമുള്ളതിനാൽ തന്നെ അതിനു വേണ്ടി ശ്രമിക്കും."

നിലവിൽ മാഞ്ചസ്റ്റർ സിറ്റിയും അവരുടെ ടോപ് ടാർഗെറ്റാക്കി നിശ്ചയിച്ചിട്ടുള്ള എർലിങ് ഹാലൻഡിന്റെ പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബൊറൂസിയ ഡോർട്മുണ്ട് സജീവമാക്കിയിട്ടുണ്ട്. ഹാലാൻഡിന്റെ മുൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗ് താരം കരിം അദെയാമി, ഫിയോറെന്റീനയുടെ ദുസാൻ വ്ലാഹോവിച്ച് എന്നിവരാണ് ഡോർട്മുണ്ടിന്റെ ലിസ്റ്റിലുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.