സൗഹൃദമത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കൂക്കി വിളിച്ച ഹാരി മഗ്വയറിനെ പ്രശംസിച്ച് ഡോണി വാൻ ഡെ ബീക്ക് 

Maguire is not universally popular among United fans
Maguire is not universally popular among United fans / Matthew Ashton - AMA/GettyImages
facebooktwitterreddit

ക്രിസ്റ്റൽ പാലസിനെതിരെ ഓസ്ട്രേലിയയിലെ മെൽബണിൽ വെച്ചു നടന്ന പ്രീ-സീസൺ സൗഹൃദമത്സരത്തിൽ എറിക് ടെൻ ഹാഗിനു കീഴിൽ മികച്ച പ്രകടനം തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു സാധിച്ചു. ഒന്നിനെതിരെ മൂന്നു ഗോളിനു ക്രിസ്റ്റൽ പാലസിനെ തകർത്ത മത്സരത്തിൽ ആന്റണി മാർഷ്യൽ, ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്‌ഫോഡ് എന്നിവർ യുണൈറ്റഡിനായി ലക്ഷ്യം കണ്ടു.

യുണൈറ്റഡിന്റെ രണ്ടാം പ്രീസീസൺ മത്സരത്തിൽ ടെൻ ഹാഗിന് കീഴിൽ ശക്തമായ പ്രകടനമാണ് യുണൈറ്റഡ് പുറത്തെടുത്തതെങ്കിലും മത്സരത്തിന്റെ തുടക്കത്തിൽ ക്യാപ്റ്റനായ ഹാരി മഗ്വയറിനെതിരെ ആരാധകർ കൂക്കി വിളിച്ചത് മത്സരത്തിന്റെ നിറം കെടുത്തിയിരുന്നു. മത്സരം തുടങ്ങുന്നതിനു മുൻപ് മഗ്വയറിന്റെ പേര് വിളിച്ചു പറയുമ്പോൾ തുടങ്ങിയ കൂക്കിവിളി താരം മത്സരത്തിൽ പന്തു തട്ടുമ്പോഴും തുടർന്നു.

എന്നാൽ താരം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ആരാധകർ ഒതുങ്ങുകയായിരുന്നു. മികച്ച ടാക്കിളുകളും പെനാൽറ്റി ബോക്സിനു പുറത്തു നിന്നുമുള്ള ഗോൾ ശ്രമവുമുൾപ്പടെ ആരാധകരുടെ വായടക്കുന്ന പ്രകടനമാണ് മഗ്വയർ കാഴ്ച വെച്ചത്.

മത്സരത്തിനു ശേഷം യുണൈറ്റഡിനായുള്ള മഗ്വയറിന്റെ പ്രകടനത്തെ മധ്യനിരതാരം ഡോണി വാൻ ഡെ ബീക് പ്രശംസിക്കുകയും ചെയ്തു. മികച്ച പ്രകടനം കാഴ്ച വെച്ച മഗ്വയറിനെതിരായ ആരാധകരുടെ കൂക്കിവിളി തന്നെ അമ്പരപ്പിച്ചുവെന്നും വാൻ ഡെ ബീക് അഭിപ്രായപ്പെട്ടു.

"ഞാനും കേട്ടു. എന്താണ് സംഭവിച്ചതെന്ന് ശരിക്കും അറിയില്ല. ഇന്ന് ഹാരി നന്നായി കളിക്കുന്നു. അവൻ ആക്രമണകാരിയായിരുന്നു, ധാരാളം പന്തുകൾ ലഭിച്ചു, അതിനർത്ഥം അദ്ദേഹത്തിന് ഒരു വലിയ വ്യക്തിത്വമുണ്ട്. അദ്ദേഹത്തിന് ധാരാളം അനുഭവസമ്പത്തുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം ഇന്ന് പോസിറ്റീവ് ആയിരുന്നു," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന താരങ്ങളിലൊരാളായിരുന്നുമഗ്വയർ. താരത്തെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കണമെന്നു വരെ ആരാധകർ ആവശ്യപ്പെട്ടിരുന്നു. താരത്തിന്റെ പൊസിഷനിലേക്ക് മത്സരമെന്നോണം അയാക്സിൽ നിന്നും ലിസാൻഡ്രോ മാർട്ടിനസിനെ യുണൈറ്റഡ് സ്വന്തമാക്കിയെങ്കിലും നിരവധി തവണ പരിശീലകൻ എറിക് ടെൻ ഹാഗ് താരത്തിനു പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.