യുവേഫ നാഷൻസ് ലീഗ് സെമി ഫൈനലിനിടെ ഡോണറുമ്മയെ കൂക്കിവിളിച്ച് ആരാധകർ, വിമർശനവുമായി മാൻസിനി


ഇറ്റലിക്ക് ഇക്കഴിഞ്ഞ സമ്മറിൽ നടന്ന യൂറോ കപ്പ് കിരീടം സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണെങ്കിലും സ്വന്തം രാജ്യത്തു വെച്ചു നടന്ന യുവേഫ നാഷൻസ് ലീഗ് ടൂർണമെന്റിന്റെ സെമി ഫൈനൽ കളിക്കാനെത്തിയപ്പോൾ ആരാധകരുടെ കടുത്ത രോഷത്തിന് ഇരയാവാനായിരുന്നു ഡോണറുമ്മയുടെ വിധി. സ്പെയിനുമായി നടന്ന സെമി ഫൈനൽ പോരാട്ടത്തിനിടെയാണ് ആരാധകർ താരത്തെ കൂക്കിവിളിച്ചത്.
മുൻ എസി മിലാൻ താരമായിരുന്ന ഡോണറുമ്മ യൂറോ കപ്പിനു പിന്നാലെ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറിയിരുന്നു. എസി മിലാനുമായുള്ള കരാർ അവസാനിച്ച താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിട്ടതാണ് ആരാധകരുടെ രോഷത്തിനു കാരണം. എസി മിലാന്റെ തന്നെ മൈതാനമായ സാൻ സിറോയിൽ വെച്ചു നടന്ന യുവേഫ നാഷൻസ് ലീഗ് മത്സരത്തിനിടെ ആരാധകർ അത് പ്രകടിപ്പിക്കുകയും ചെയ്തു.
Be the Italian hero at Euro 2020 ✅
— Goal News (@GoalNews) October 7, 2021
Return to San Siro a few months later ✅
Get destroyed by the fans ?
അതേസമയം ആരാധകരുടെ സമീപനത്തോട് രൂക്ഷമായാണ് ഇറ്റലി പരിശീലകൻ മാൻസിനി പ്രതികരിച്ചത്. "ഡോണറുമ്മ ഇറ്റലിക്ക് വേണ്ടിയാണ് കളിച്ചത്, ഇതൊരു ക്ലബ് മത്സരമല്ല. താരവുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങൾ ഒരു രാത്രിയിലേക്ക് മാറ്റി വെച്ച് പിഎസ്ജിയും മിലാനും തമ്മിലുള്ള മത്സരം നടക്കുമ്പോൾ അതിലായിരുന്നു പ്രകടിപ്പിക്കേണ്ടിയിരുന്നത്. ഇറ്റലി ഇറ്റലിയാണ്, എല്ലാറ്റിലും വലുതുമാണ്." മാൻസിനി ആരാധകർക്കെതിരെ തുറന്നടിച്ചു.
ആരാധകരുടെ രോഷം പിഎസ്ജി താരത്തെ സാരമായി ബാധിച്ചത് മത്സരത്തിൽ പ്രകടമായിരുന്നു. രണ്ടു ഗോളുകൾ വഴങ്ങിയ ഡോണറുമ്മ അതിനു പുറമെ ഒരു ഷോട്ട് തടുക്കാൻ പരാജയപ്പെട്ടത് പ്രതിരോധ താരം ബൊനൂച്ചിയാണ് ക്ലിയർ ചെയ്തു വിട്ടത്. മത്സരത്തിന്റെ ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ പത്തു പേരായി ചുരുങ്ങിയ ഇറ്റലി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയം വഴങ്ങുകയും ചെയ്തു.