Football in Malayalam

പിഎസ്‌ജിയിൽ രണ്ടാം നമ്പർ ഗോളിയാകേണ്ടി വന്നത് തന്നെ വേദനിപ്പിച്ചുവെന്ന് ജിയാൻലൂജി ഡോണറുമ്മ

Sreejith N
Stade Rennais v Paris Saint-Germain - Ligue 1
Stade Rennais v Paris Saint-Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ ടീമിലേക്കെത്തിച്ച പിഎസ്‌ജി യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്‌ക്വാഡ് സ്വന്തമായുള്ള ക്ലബെന്ന വിശേഷണം നേടിയിരുന്നു. എന്നാൽ വമ്പൻ താരങ്ങളെത്തിയത് ടീമിന്റെ സന്തുലിത സ്വഭാവത്തെ വളരെയധികം മാറ്റിമറിച്ചിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. ചില പ്രധാന താരങ്ങൾ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കപ്പെടുന്നതിലേക്കും ഇതു നയിച്ചിട്ടുണ്ട്.

മേൽപ്പറഞ്ഞ സാഹചര്യമാണ് ടീമിലെ ഗോൾകീപ്പർമാരായ ജിയാൻലൂയിജി ഡോണറുമ്മയും കെയ്‌ലർ നവാസും നേരിടുന്നത്. രണ്ടു പേരും ലോകോത്തര ഗോൾകീപ്പർമാരാണ് എന്നതുകൊണ്ടു തന്നെ ഇരുവരിൽ ആരെ ആദ്യ ഇലവനിൽ കളിപ്പിക്കണമെന്നത് പരിശീലകൻ മൗറിസിയോ പോച്ചട്ടിനോക്ക് വലിയ തലവേദനയാണ്. എന്നാൽ ഫ്രഞ്ച് ക്ലബിനൊപ്പമുള്ള പരിചയസമ്പത്ത് കണക്കിലെടുത്ത് നവാസിനെ തന്നെയാണ് അദ്ദേഹം കൂടുതൽ പരിഗണിക്കുന്നത്.

അതേസമയം മിലാനിലെ ഒന്നാം നമ്പർ ഗോൾകീപ്പറും പ്രധാന താരവുമായിരുന്ന ഡോണറുമ്മയെ സംബന്ധിച്ചിടത്തോളം പിഎസ്‌ജിയിൽ അവസരങ്ങൾ കുറയുന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. ഇറ്റലിക്കു യൂറോ കപ്പ് നേടിക്കൊടുക്കാൻ പ്രധാന പങ്കു വഹിച്ചതിനു ശേഷം പിഎസ്‌ജിയിൽ എത്തിയ താരത്തിന് വെറും അഞ്ചു മത്സരങ്ങൾ മാത്രമാണ് ഇതുവരെ കളത്തിലിറങ്ങാൻ കഴിഞ്ഞിട്ടുള്ളത്.

"എന്റെ പ്രകടനത്തെ അതു ബാധിച്ചിട്ടില്ല, എങ്കിലും അതെന്നെ വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതൊരിക്കലും എളുപ്പമല്ല, കാരണം ഞാൻ എല്ലായിപ്പോഴും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന താരമാണ്, അതുകൊണ്ടു തന്നെ ബെഞ്ചിലിരിക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നു. പക്ഷെ ഈ സാഹചര്യം പരിഹരിക്കപ്പെടും എന്നു തന്നെയാണ് ഞാൻ കരുതുന്നത്," ടിഎൻടി സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ പിഎസ്‌ജിയിൽ അവസരങ്ങൾ ഇല്ലാത്തതിനെപ്പറ്റി ഡോണറുമ്മ പറഞ്ഞു.

റയൽ മാഡ്രിഡിനൊപ്പം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി പിഎസ്‌ജിയിൽ എത്തിയ നവാസിന് മികച്ച നേതൃഗുണവും ഉണ്ടെന്നതു കൊണ്ടാണ് താരത്തിനു ക്ലബിൽ കൂടുതൽ പരിഗണന ലഭിക്കുന്നത്. എന്നാൽ പ്രായം പരിഗണിക്കുമ്പോൾ ഇറ്റാലിയൻ ഗോൾകീപ്പർ നവാസിന്റെ സ്ഥാനം നഷ്ടപ്പെടുത്തുക തന്നെ ചെയ്‌തേക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit