റൊണാൾഡോയെ ശ്രദ്ധയോടെ വീക്ഷിച്ച് താരത്തിൽ നിന്ന് താൻ പലതും പഠിക്കുന്നുണ്ടെന്ന് കാൽവർട്ട്-ലെവിൻ

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ താൻ എല്ലായ്പ്പോളും ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തിൽ നിന്ന് തനിക്ക് പലതും പഠിക്കാനായെന്നും എവർട്ടൺ താരം ഡൊമിനിക്ക് കാൽവർട്ട്-ലെവിൻ. താൻ എല്ലായ്പ്പോളും ഉറ്റുനോക്കുന്ന താരമാണ് റോണോയെന്ന് വെളിപ്പെടുത്തിയ ലെവിൻ, എങ്ങനെ മികച്ച പൊസിഷനുകളിലെത്തുന്നുവെന്ന കാര്യം താൻ പോർച്ചുഗീസ് താരത്തെ കണ്ട് പഠിച്ചുവെന്നും സ്കൈ സ്പോർട്സിനോട് സംസാരിക്കവെ പറഞ്ഞു.
കഴിഞ്ഞ സീസണിൽ എവർട്ടണ് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഡൊമിനിക്ക് കാൽവർട്ട്-ലെവിൻ പരിക്കിനെത്തുടർന്ന് സെപ്റ്റംബർ തുടക്കം മുതൽ കളിക്കളത്തിൽ നിന്ന് പുറത്താണ്. ഈ സമയം റൊണാൾഡോയിൽ നിന്ന് പല കാര്യങ്ങളും കണ്ടു പഠിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.
"ഒരു സെന്റർ ഫോർവേഡ് എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ കാണാൻ ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തെ കണ്ട് പഠിച്ചിട്ടുണ്ട്. ഞാൻ എല്ലായ്പ്പോളും ഉറ്റുനോക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം," ഡൊമിനിക്ക് കാൽവർട്ട്-ലെവിൻ വ്യക്തമാക്കി.
റൊണാൾഡോ ലോകത്തെ ഏറ്റവും മികച്ച താരമാണെന്നും സംസാരത്തിനിടെ കാൽവർട്ട്-ലെവിൻ അഭിപ്രായപ്പെട്ടു. റൊണാൾഡോയുടെ വർക്ക് റേറ്റിനേയും, ഗോളുകൾ നേടാനുള്ള സന്നദ്ധതയേയും പ്രശംസിക്കുന്ന എവർട്ടൺ താരം, മത്സരങ്ങൾക്കിടെ യാദൃശ്ചികമായി കണക്കിലാക്കാൻ കഴിയാത്ത പൊസിഷനുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമെത്തുന്നുവെന്നും കൂട്ടിച്ചേർത്തു.
Dominic Calvert-Lewin reveals he 'studies' Cristiano Ronaldo to improve his game https://t.co/nI6upc0T53
— MailOnline Sport (@MailSport) November 2, 2021
"റൊണാൾഡോ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണ്, തന്റെ വർക്ക് റേറ്റും, ഗോളുകൾ സ്കോർ ചെയ്യാനുള്ള സന്നദ്ധതയുമാണ് അദ്ദേഹത്തെ ലോകത്തെ ഏറ്റവും മികച്ചവനാക്കിയത്."
- ഡൊമിനിക്ക് കാൽവർട്ട്-ലെവിൻ
അതേ സമയം, ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ മികച്ച പ്രകടനമാണ് ക്ലബ്ബിനൊപ്പമുള്ള രണ്ടാം സ്പെല്ലിന്റെ തുടക്കത്തിൽ പുറത്തെടുത്തിരിക്കുന്നത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച 11 മത്സരങ്ങളിൽ 9 ഗോളുകൾ നേടിക്കഴിഞ്ഞ റോണോ, ഒരു ഗോളിന് വഴിയുമൊരുക്കിയിട്ടുണ്ട്.