കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ ഡിയഗോ ജോട്ട കളിക്കില്ല

ജൂലൈ 30ന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയുള്ള കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ ലിവർപൂൾ നിരയിൽ പോര്‍ച്ചുഗീസ് താരം ഡിയഗോ ജോട്ട ഉണ്ടാവില്ല. ഹാംസ്ട്രിങ് പരുക്കിനെ തുടര്‍ന്നാണ് ജോട്ടക്ക് സിറ്റിക്കെതിരേയുള്ള ഫൈനല്‍ മത്സരം നഷ്ടമാവുക. ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള പ്രീ സീസണ്‍ മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പരിശീലകന്‍ യർര്‍ഗന്‍ ക്ലോപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"അലിസണ് സിറ്റിക്കെതിരെ (കളിക്കാൻ) സാധ്യതയുണ്ട്, ജോട്ടക്കില്ല," ക്ലോപ്പ് വ്യക്തമാക്കി. '' അലി(സൺ), അദ്ദേഹത്തിന് വയറിലാണ് പരുക്ക്. ഇത് ഗൗരവമുള്ള കാര്യമല്ലെങ്കിലും ഞങ്ങള്‍ക്ക് ഒരു സീസണ്‍ മുഴുവന്‍ കളിക്കേണ്ടതാണ്. അതിനാല്‍ ഈ സമയത്ത് അദ്ദേഹം കളിക്കാന്‍ സാധ്യതയില്ല," ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പുതിയ സീസണ് മുന്നോടിയായി അലിസണ്‍ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് ക്ലോപ്പ്. പരുക്കിനെ തുടര്‍ന്ന് ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള മത്സരത്തില്‍ അലിസണും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതേ സമയം മസില്‍ ഇഞ്ചുറി നേരിടുന്ന ചേംമ്പര്‍ലിനും കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനല്‍ പോരാട്ടം നഷ്ടമാകുമെന്നാണ് സൂചന. ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള മത്സരത്തില്‍ മസിലിന് പരുക്കേറ്റതാണ് ചേംമ്പര്‍ലിന് വിനയായത്.
"തീര്‍ച്ചയായും ഇത് വളരെ നിരാശജനകമാണ്. ചേംമ്പര്‍ലിന്‍ പ്രീ സീസണ്‍ തുടങ്ങിയത് മുതല്‍ വളരെ മികച്ച രീതിയില്‍ പരിശീലനം നടത്തിയിരുന്നു," ചേംമ്പര്‍ലിന്റെ പരുക്കിനെ കുറിച്ച് ക്ലോപ്പ് പറഞ്ഞു.