Football in Malayalam

റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നങ്ങൾക്ക് തിരിച്ചടിയായി ഡീഗോ ജോട്ടയുടെ തകർപ്പൻ ഫോം

Sreejith N
Liverpool v Fulham - Premier League
Liverpool v Fulham - Premier League / Clive Brunskill/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ നേരിടാനൊരുങ്ങുന്ന റയൽ മാഡ്രിഡിന് ഭീഷണിയായി പോർച്ചുഗീസ് താരമായ ഡീഗോ ജോട്ടയുടെ തകർപ്പൻ ഫോം. പ്രതിരോധനിരയിലെ പ്രധാന താരങ്ങൾക്ക് പരിക്കേറ്റതിനെ തുടർന്ന് ഈ സീസണിൽ മോശം ഫോമിലേക്ക് ലിവർപൂൾ വീണെങ്കിലും മുന്നേറ്റനിരയിൽ ഗോളുകൾ കണ്ടെത്താനുള്ള ജോട്ടയുടെ കഴിവ് റയൽ മാഡ്രിഡിന് കനത്ത വെല്ലുവിളി തന്നെയാണ് സൃഷ്ടിക്കുക.

വോൾവ്‌സിൽ നിന്നും അമ്പതു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ഈ സമ്മറിൽ ലിവർപൂളിലെത്തിയ ഡീഗോ ജോട്ടക്ക് പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്ടമായെങ്കിലും കളത്തിലിറങ്ങുമ്പോൾ മികച്ച പ്രകടനമാണ് താരം കാഴ്‌ച വെക്കുന്നത്. ഈ സീസണിൽ ആറു പ്രീമിയർ ലീഗ് ഗോളുകളും അറ്റലാന്റാക്കെതിരായ ഹാട്രിക്ക് ഉൾപ്പെടെ നാല് ചാമ്പ്യൻസ് ലീഗ് ഗോളുകളും താരം നെറ്റിയിട്ടുണ്ട്.

ലിവർപൂളിനൊപ്പം കാഴ്ച വെക്കുന്ന മികച്ച പ്രകടനം ദേശീയ ടീമിനൊപ്പവും തുടരാൻ ജോട്ടക്ക് കഴിയുന്നുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ സെർബിയക്കെതിരെ ഇരട്ടഗോളുകൾ നേടിയ താരം അതിനു ശേഷം ലക്സംബർഗിനെതിരെ ഒരു ഗോളും സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് തയ്യാറെടുത്തു കഴിഞ്ഞു.

റയലിന്റെ നഗരവൈരികളായ അത്ലറ്റികോ മാഡ്രിഡിൽ രണ്ടു വർഷമുണ്ടായിരുന്ന താരമാണ് ഡീഗോ ജോട്ട. എന്നാൽ ടീമിലിടം പിടിക്കുന്നതിൽ പരാജയപ്പെട്ട താരം ആദ്യ സീസണിൽ പോർട്ടോയിലേക്കും പിന്നീട് വോൾവ്‌സിലേക്കും ലോണിൽ കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. 2018ൽ വോൾവ്‌സ് താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കി.

അതേസമയം ചാമ്പ്യൻസ് ലീഗിൽ എങ്ങിനെ വിജയിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള സിദാന് കീഴിൽ ലിവർപൂളിനെ മറികടക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്. വമ്പൻ പോരാട്ടങ്ങൾ അടുത്തിരിക്കെ ഫോമിലേക്ക് തിരിച്ചെത്താൻ ടീമിന് കഴിഞ്ഞത് ഇത് വ്യക്തമാക്കുന്നു.


facebooktwitterreddit