ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ വിമർശനങ്ങൾ ഉയർത്തുന്ന ആരാധകർ നാല് കാര്യങ്ങൾ ഓർക്കണമെന്ന് ബെർബെറ്റോവ്
By Sreejith N

ക്രിസ്റ്റ്യാനോ റൊണാൾഡോയല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്‌നമെന്നും താരത്തിൽ നിന്നും അമിതമായി പ്രതീക്ഷ ആരാധകർ വച്ചു പുലർത്തുന്നത് അനാവശ്യമായ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും ക്ലബിന്റെ മുൻ താരമായ ദിമിറ്റർ ബെർബെറ്റോവ്. റൊണാൾഡോ മോശം പ്രകടനമാണ് നടത്തുന്നത് എന്ന വിമർശനം ഉയർത്തുന്നവർ താരത്തിന്റെ പ്രായം, പ്രകടനം, പൊസിഷൻ, ടീമിന്റെ കളിയെങ്ങിനെയാണ് എന്ന കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും ബെർബെറ്റോവ് പറഞ്ഞു.
"ടീമിന്റെ ഭാഗത്തു നിന്നും ഒരു മോശം പ്രകടനമുണ്ടായാൽ പ്രധാന താരങ്ങളാണ് എപ്പോഴും പഴി കേൾക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അതു ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഇപ്പോൾ കഴിഞ്ഞ പത്തു മത്സരങ്ങളിൽ നിന്നും താരം ഒരു ഗോൾ മാത്രമേ നേടിയിട്ടുള്ളൂ എന്നത് പലർക്കും പ്രശ്‌നമാണ്, പക്ഷെ എനിക്കങ്ങനെയല്ല. ടീമിൽ പതിനൊന്നു താരങ്ങൾ ഉള്ളതിനാൽ അവർക്കെല്ലാം അതിന്റെ പഴി കേൾക്കണം."
"റൊണാൾഡോ ലോകഫുട്ബോളിലെ ഒരു ഐക്കണാണ്, അതിനു പുറമെ താരത്തിന് 37 വയസാണെന്ന് എല്ലാവരും ഓർക്കണം. ഓരോ സമയത്ത് താരത്തിന് മോശം പ്രകടനം ഉണ്ടായേക്കാം. എന്നാൽ അതാണ് പ്രശ്‌നമെന്ന് ഞാൻ കരുതുന്നില്ല. മൊത്തത്തിൽ, ഒരു ടീമെന്ന നിലയിൽ നല്ല പ്രകടനം അവർ നടത്തുമ്പോൾ അതിനെ പിന്തുടരുകയാണ് വേണ്ടത്."
"റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി വേണ്ടത്ര ചെയ്യുന്നു എന്നാണു ഞാൻ കരുതുന്നത്. പക്ഷെ താരത്തിന്റെ നിലവാരം വെച്ച് ആളുകൾ അതിൽ കൂടുതൽ പ്രതീക്ഷിക്കും. ഒരു മോശം പ്രകടനം ഉണ്ടായാൽ ആളുകൾ അതിനെ ചോദ്യം ചെയ്യും, അതിനെ മുതലെടുക്കും. എന്നാൽ ആളുകൾ താരത്തിന്റെ പ്രായവും, എങ്ങിനെ കളിക്കുന്നു എന്നതും, പൊസിഷനും, ടീമിന്റെ പ്രകടനവും കണക്കിലെടുക്കേണ്ടതുണ്ട്." ബെർബെറ്റോവ് പറഞ്ഞു.
37 വയസുള്ള റൊണാൾഡോ 27 വയസുള്ള സമയത്തേതു പോലെ ആകില്ലെന്നും താരം കൂടുതൽ മികച്ച പ്രകടനം നടത്തേണ്ട സമയമുണ്ടാകുമ്പോൾ മാനേജരുമായി സംസാരിക്കുമെന്നും ബെർബെറ്റോവ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ എല്ലാവരും ടീമിന് കൂടുതൽ നൽകാൻ ശ്രമിക്കണം എന്നും പറഞ്ഞ ബൾഗേറിയൻ താരം റൊണാൾഡോ ആവശ്യമുള്ള സമയത്ത് തന്റെ ഏറ്റവും മികച്ച കളി കാഴ്ച വെക്കുമെന്നും ആളുകൾ അനാവശ്യമായ വിമർശനങ്ങൾ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.