Football in Malayalam

ജോവോ ഫെലിക്‌സ് ജനുവരിയിൽ അത്ലറ്റികോ മാഡ്രിഡ് വിടാനുള്ള സാധ്യതകൾ തള്ളിക്കളയാതെ ഡീഗോ സിമിയോണി

Sreejith N
Real Madrid v Atletico Madrid - La Liga Santander
Real Madrid v Atletico Madrid - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

പോർച്ചുഗീസ് യുവതാരമായ ജോവോ ഫെലിക്‌സ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അത്ലറ്റികോ മാഡ്രിഡ് വിടാനുള്ള സാധ്യത തള്ളിക്കളയാതെ പരിശീലകൻ ഡീഗോ സിമിയോണി. ഇരുപത്തിരണ്ടു വയസുള്ള താരം 2019ൽ ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് 126 മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിലാണ് ചേക്കേറിയത്. എന്നാൽ അതിനു ശേഷം സ്ഥിരതയുള്ള പ്രകടനം നടത്താൻ താരത്തിനു കഴിഞ്ഞിട്ടില്ല.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിൽ നിന്നും അന്റോയിൻ ഗ്രിസ്‌മാനും ഹെർത്താ ബെർലിനിൽ നിന്നും മത്തേയൂസ് കുന്യയും എത്തിയതോടെ ഫെലിക്‌സിനു ലഭിച്ചിരുന്ന അവസരങ്ങൾ ഒന്നുകൂടി പരിമിതപ്പെട്ടു. ഈ സീസണിൽ ആകെ ആറു മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങാൻ കഴിഞ്ഞ താരം ഒരൊറ്റ ഗോൾ മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്.

അവസരങ്ങൾ ഇല്ലാത്തതിൽ നിരാശനായ താരം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള സാധ്യതകളെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സിമിയോണിയുടെ മറുപടി ഇങ്ങിനെയായിരുന്നു. "എനിക്കെല്ലായിപ്പോഴും കാര്യങ്ങൾ മനസിലാകും, ഞാൻ എല്ലാ കാര്യങ്ങളെയും തുറന്ന മനസോടെയാണ് കാണുന്നത്. ടീമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജോവോ ടീമിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്."

അതിനൊപ്പം റയൽ മാഡ്രിഡിനെതിരെ നടന്ന ലീഗ് മത്സരത്തിൽ പകരക്കാരനായി ഇറങ്ങി താരം നടത്തിയ പ്രകടനത്തെ സിമിയോണി പ്രശംസിക്കുകയും ചെയ്‌തു. മുപ്പത്തിയഞ്ചു മിനുട്ടോളം മത്സരത്തിൽ കളിച്ച താരത്തിനു തന്റെ പ്രതിഭ കാണിക്കാൻ കഴിഞ്ഞുവെന്നും ആ പ്രകടനമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അതു തുടരാൻ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബാഴ്‌സലോണ മോശം ഫോമിലൂടെ കടന്നു പോകുന്ന ഈ സീസണിൽ റയൽ മാഡ്രിഡിനു കിരീടപ്പോരാട്ടത്തിൽ വെല്ലുവിളി നൽകാൻ അത്ലറ്റികോ മാഡ്രിഡിനു കഴിഞ്ഞിട്ടില്ല. പതിനേഴു മത്സരങ്ങളിൽ നിന്നും 42 പോയിന്റ് സ്വന്തമാക്കി റയൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ പതിനാറു മത്സരങ്ങളിൽ നിന്നും 29 പോയിന്റുള്ള അത്ലറ്റികോ നാലാം സ്ഥാനത്താണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit