Football in Malayalam

ലാ ലിഗ പോരാട്ടം അവസാനിച്ചിട്ടില്ല, മാഡ്രിഡ് ഡെർബി റയൽ മാഡ്രിഡിന് എളുപ്പമാവില്ലെന്നോർപ്പിച്ച് സിമിയോണി

Sreejith N
Club Atletico de Madrid v RCD Mallorca - La Liga Santander
Club Atletico de Madrid v RCD Mallorca - La Liga Santander / Denis Doyle/GettyImages
facebooktwitterreddit

ഇന്നു രാത്രി നടക്കാനിരിക്കുന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് കടുത്ത മത്സരം തന്നെ നൽകുമെന്ന് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി. നിലവിൽ ഒരു മത്സരം കുറവു കളിച്ച അത്ലറ്റികോ മാഡ്രിഡ് ലീഗിൽ റയൽ മാഡ്രിഡിനെക്കാൾ പത്തു പോയിന്റ് പിന്നിലാണ് നിൽക്കുന്നത്. എന്നാൽ കരുത്തരായ ടീമുകൾ ലീഗിലുണ്ടെന്നും അവർക്ക് കൂടുതൽ മത്സരം സൃഷ്‌ടിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"എല്ലായിപ്പോഴത്തെയും പോലെ ലാ ലിഗ കിരീടത്തിനായുള്ള പോരാട്ടം അവസാനിച്ചുവെന്ന് നമ്മൾ വളരെ നേരത്തെ പറയുകയാണ്. വളരെ മികച്ച ടീമുകൾ ഉള്ളതിനാൽ തന്നെ ലാ ലിഗ എല്ലായിപ്പോഴും മൽസരാധിക്യം നിറഞ്ഞതാണ്. പോയിന്റ് ടേബിളിന്റെ മുകളിലുള്ള അഞ്ചോ ആറോ ടീമുകൾ വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്."

"ഞങ്ങൾ ഓരോ മത്സരത്തെയും പ്രത്യേകം പരിഗണിച്ചാണ് മുന്നോട്ടു പോകുന്നത്, അതിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ല. അവസാനത്തെ പത്തു മത്സങ്ങളിൽ അവർ നാലെണ്ണം വിജയിച്ചപ്പോൾ ആറെണ്ണം സമനിലയിലായി. ഞങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കാൻ കഴിയുമെന്നും ഈ മത്സരം അത്ര എളുപ്പമാവില്ലെന്നും അവർക്കറിയാം." സിമിയോണി പറഞ്ഞു.

അതേസമയം മത്സരത്തിൽ മുന്നേറ്റനിരയിലെ സൂപ്പർതാരമായ ലൂയിസ് സുവാരസ് കളിക്കാൻ സാധ്യത കുറവാണെന്ന സൂചനകളാണ് സിമിയോണി നൽകിയത്. യുറുഗ്വായ് താരത്തിന്റെ സാഹചര്യം അവസാനം വിലയിരുത്തിയതിനു ശേഷമാവും ഇക്കാര്യം തീരുമാനിക്കുക. ട്രിപ്പിയർ, വേഴ്‌സലോക്കോ എന്നിവരുടെ അഭാവത്തിൽ ലോറെൻറെ റൈറ്റ്ബാക്കായി കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റയൽ മാഡ്രിഡ് താരങ്ങളിൽ വിനീഷ്യസ് ജൂനിയറിനെ കുറിച്ചും സിമിയോണി പരാമർശിച്ചു. ഗോളുകൾ നേടാനുള്ള കഴിവ് വീണ്ടെടുത്ത താരം വളരെ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും വലിയൊരു ഭാവി ബ്രസീലിയൻ താരത്തെ കാത്തിരിക്കുന്നുണ്ട് എന്നും സിമിയോണി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit