Football in Malayalam

സൗൾ അത്ലറ്റികോ മാഡ്രിഡ് വിടും, കാരണം വ്യക്തമാക്കി സിമിയോണി

Sreejith N
Club Atletico de Madrid v RCD Espanyol - La Liga
Club Atletico de Madrid v RCD Espanyol - La Liga / Gonzalo Arroyo Moreno/Getty Images
facebooktwitterreddit

ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, ലിവർപൂൾ എന്നീ ക്ലബുകൾ നോട്ടമിട്ടിട്ടുള്ള സൗൾ നിഗ്വസ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അത്ലറ്റികോ മാഡ്രിഡ് വിടുമെന്നു സ്ഥിരീകരിച്ച് പരിശീലകൻ ഡീഗോ സിമിയോണി. കരിയറിൽ ഇതുവരെയും മറ്റൊരു ക്ലബിനു വേണ്ടി കളിച്ചിട്ടില്ലാത്ത സ്‌പാനിഷ്‌ താരത്തിനു കളിക്കുന്ന ടീമിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനാണ് മറ്റൊരു വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാകുന്നതെന്നും സിമിയോണി വ്യക്തമാക്കി.

അത്ലറ്റികോ മാഡ്രിഡിൽ അവസരങ്ങൾ കുറയുന്നതിൽ താരം അസംതൃപ്‌തനാണെന്നു സ്ഥിരീകരിച്ച സിമിയോണി ക്ലബിനു മികച്ച ഓഫർ ലഭിച്ചാൽ സൗളിന്റെ ട്രാൻസ്‌ഫർ നടക്കുമെന്നും പറഞ്ഞു. പ്രമുഖ സ്‌പാനിഷ്‌ മാധ്യമമായ എഎസിനോട് സംസാരിക്കുമ്പോഴാണ് സിമിയോണി സൗളിന്റെ ഭാവിയെക്കുറിച്ച് വ്യക്തത വരുത്തിയത്.

"കളിക്കളത്തിൽ പ്രാധാന്യമുണ്ടെന്നു തോന്നിക്കുന്ന ഒരു പൊസിഷൻ ലഭിക്കേണ്ടത് ആവശ്യമാണെന്ന് കഴിഞ്ഞ സീസണിനിടയിൽ താരം ക്ലബിനോടും എന്നോടും പറഞ്ഞിരുന്നു. സൗൾ എവിടെ കളിച്ചാലും സൗൾ തന്നെയായിരിക്കുമെന്നാണ് എനിക്കപ്പോൾ തോന്നിയതെങ്കിലും താരത്തിനും അദ്ദേഹത്തിനു ചുറ്റുമുള്ളവർക്കും അതു നെഗെറ്റിവ് ആയി തോന്നാനുള്ള സാധ്യതയുമുണ്ട്."

"ഫുൾബാക്ക്, റൈറ്റ് വിങ്, മിഡ്‌ഫീൽഡർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന സൗൾ അത്ലറ്റികോക്ക് വളരെ പ്രധാനപ്പെട്ട താരമാണ്. താരത്തെ പരിഗണിക്കുമ്പോൾ ടീമിന് നിരവധി ഓപ്‌ഷനുകളാണ് ലഭിക്കുന്നത്. പരിശീലകൻ ആഗ്രഹിക്കുന്നതു പോലെ കളിക്കുന്ന താരം മികച്ച പ്രകടനമാണ് ഇതുവരെ കാഴ്‌ച വെച്ചിട്ടുള്ളത്." സിമിയോണി വ്യക്തമാക്കി.

ക്ലബ് വിടുന്നതിൽ സൗൾ ഉറച്ചു നിൽക്കുകയാണെങ്കിൽ ഒരു ആശ്ലേഷത്തോടെ താരത്തെ പോകാൻ അനുവദിക്കുമെന്നും ബാഴ്‌സയായാലും മറ്റേതെങ്കിലും ക്ലബ് ആയാലും അതിൽ മാറ്റമുണ്ടാകില്ലെന്നും സിമിയോണി പറഞ്ഞു. താരം ക്ലബിൽ നിന്നു പോയാലും അത്ലറ്റികോ മാഡ്രിഡുമായും ഇവിടുത്ത താരങ്ങളുമായുമുള്ള മികച്ച സൗഹൃദം നിലനിൽക്കുമെന്നും സിമിയോണി കൂട്ടിച്ചേർത്തു.

അതേസമയം മാർക്കയോട് സംസാരിക്കുമ്പോൾ ഗ്രീസ്‌മൻ ബാഴ്‌സലോണയിൽ തന്നെ തുടർന്ന് വിജയങ്ങൾ നേടിയെടുക്കട്ടെ എന്ന അഭിപ്രായവും സിമിയോണി പ്രകടിപ്പിച്ചു. സ്ഥാനം മാറിക്കളിച്ചാലും മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുമെന്നു യൂറോ കപ്പിൽ തെളിയിച്ചുവെന്നും തനിക്ക് വേണ്ടി കഴിവിന്റെ പരമാവധി നൽകിയ ഗ്രീസ്‌മന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും സിമിയോണി കൂട്ടിച്ചേർത്തു.

facebooktwitterreddit