സെവിയ്യ വിടാനാഭ്യർത്ഥിച്ച് ഡീഗോ കാർലോസ്, ബ്രസീലിയൻ താരം ന്യൂകാസിലിന്റെ ഓഫർ സ്വീകരിക്കാനൊരുങ്ങുന്നു
By Sreejith N

സെവിയ്യയുടെ ബ്രസീലിയൻ പ്രതിരോധതാരമായ ഡീഗോ കാർലോസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തിക ശക്തികളായ ന്യൂകാസിൽ യുണൈറ്റഡിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. ദി ഗാർഡിയൻ, സ്കൈ സ്പോർട്സ് എന്നിവരുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ന്യൂകാസിലിലേക്ക് ചേക്കേറാൻ വേണ്ടി താരം സെവിയ്യയോട് ട്രാൻസ്‌ഫർ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം സെവിയ്യക്ക് താരത്തെ ന്യൂകാസിലിനു വിട്ടുകൊടുക്കാൻ മടിയില്ല. എന്നാൽ തങ്ങൾ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ ന്യൂകാസിൽ അംഗീകരിച്ചു മാത്രമേ ട്രാൻസ്‌ഫർ നടത്താൻ കഴിയൂവെന്നാണ് അവരുടെ നിലപാട്. അതേസമയം താരത്തിന്റെ റിലീസ് ക്ലോസായ എൺപതു മില്യൺ യൂറോ നൽകാൻ ന്യൂകാസിൽ യുണൈറ്റഡ് തയ്യാറല്ല. നിലവിൽ താരത്തിനായുള്ള പ്രീമിയർ ലീഗ് ക്ലബിന്റെ രണ്ട് ഓഫറുകൾ സെവിയ്യ നിരസിച്ചിട്ടുണ്ട്.
Sevilla defender Diego Carlos has told the club he wants to leave this month to join Newcastle United.
— Sky Sports News (@SkySportsNews) January 18, 2022
ഏതാനും വർഷങ്ങളായി സെവിയ്യ പ്രതിരോധത്തിലെ സ്ഥിരം സാന്നിധ്യവും വിശ്വസ്‌തനുമായ ഡീഗോ കാർലോസ് 119 മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. ഈ സീസണിൽ 19 ലീഗ് മത്സരങ്ങൾ കളിച്ച് രണ്ടു ഗോളുകൾ നേടിയിട്ടുള്ള താരം ആറു ചാമ്പ്യൻസ് ലീഗ് മത്സരത്തിലും മൂന്നു കോപ്പ ഡെൽ റേ മത്സരത്തിലും കളിക്കാനിറങ്ങിയിട്ടുണ്ട്. താരം ക്ലബ് വിട്ടാൽ ലാ ലീഗയിൽ റയലിനു പിന്നിൽ കുതിക്കുന്ന സെവിയ്യക്കാത് കിരീടപ്പോരാട്ടത്തിൽ കനത്ത തിരിച്ചടിയാണ്.
അതേസമയം സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമകളായി വന്നതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി മാറിയ ന്യൂകാസിൽ തരം താഴ്ത്തൽ മേഖലയിൽ നിന്നും പുറത്തു കടക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കീറോൺ ട്രിപ്പിയർ, ക്രിസ് വുഡ് എന്നിവരെ നിലവിൽ ടീമിന്റെ ഭാഗമാക്കിയ അവർ അറ്റലാന്റയുടെ ഗോസെൻസ്, സപ്പട്ട എന്നിവരെയും ലക്‌ഷ്യം വെക്കുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.