ബെൻസിമ ബാലൺ ഡി ഓർ നേടാൻ സാധ്യതയുണ്ട്, പിന്തുണയുമായി ദിദിയർ ദെഷാംപ്സ്


ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരച്ചടങ്ങ് നവംബറിൽ നടക്കാനിരിക്കെ ലോകഫുട്ബോളിലെ തന്നെ ഏറ്റവും വലിയ അവാർഡ് ആരു നേടുമെന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ ചൂടു പിടിച്ചു കൊണ്ടിരിക്കയാണ്. ലയണൽ മെസി, ജോർജിന്യോ, എൻഗോളോ കാന്റെ, റോബർട്ട് ലെവൻഡോസ്കി എന്നിവരാണ് ബാലൺ ഡി ഓർ പുരസ്കാരത്തിനു വേണ്ടി മുൻപന്തിയിൽ ഉണ്ടാകാൻ സാധ്യതയുള്ള താരങ്ങളെന്നാണ് അനുമാനിക്കാവുന്നത്.
അതേസമയം ഫ്രഞ്ച് മുന്നേറ്റനിര താരമായ കരിം ബെൻസിമ ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ സാധ്യതയുണ്ടെന്നാണു പരിശീലകനായ ദിദിയർ ദെഷാംപ്സ് പറയുന്നത്. 2021 ബാലൺ ഡി ഓർ പോരാട്ടത്തിൽ ബെൻസിമ ഒരു പ്രധാന മത്സരാർത്ഥി ആണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതേയെന്ന വളരെ വ്യക്തമായ മറുപടിയാണ് ദെഷാംപ്സ് നൽകിയത്.
ഫ്രാൻസിന്റെയും പിഎസ്ജിയുടെയും മുന്നേറ്റനിര താരമായ കെയ്ലിയൻ എംബാപ്പെ ഭാവിയിൽ ബാലൺ ഡി ഓർ നേടുമെന്നും ദെഷാംപ്സ് പറഞ്ഞു. ഈ വർഷത്തെ പുരസ്കാരം നേടാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടികയിൽ എംബാപ്പെ മുൻപന്തിയിൽ ഇല്ലെങ്കിലും സമീപഭാവിയിൽ തന്നെ ഫ്രഞ്ച് താരം ബാലൺ ഡി ഓർ ഉയർത്തുമെന്നു കരുതുന്നുണ്ടെന്നും ദെഷാംപ്സ് വ്യക്തമാക്കി.
ദെഷാംപ്സിനെ സംബന്ധിച്ച് നിർണായകമായ പോരാട്ടമാണ് ഇനി നടക്കാനിരിക്കുന്നത്. യുവേഫ നാഷൻസ് ലീഗ് സെമിയിൽ ബെൽജിയത്തിനെയാണ് ഈ ഇന്റർനാഷണൽ ബ്രേക്കിൽ അവർ നേരിടേണ്ടത്. ഒക്ടോബർ ഏഴിനു നടക്കുന്ന സെമിയിലും അതിനു ശേഷമുള്ള ഫൈനലിലും വിജയം നേടി 2018 ലോകകപ്പിനു ശേഷം ഫ്രാൻസിന് ആദ്യത്തെ കിരീടം നേടിക്കൊടുക്കാമെന്ന പ്രതീക്ഷയിലാണ് ദെഷാംപ്സ്.