Football in Malayalam

'ടോട്ടനത്തെപ്പറ്റി ഞാനും അതു തന്നെയാണ് കരുതിയിരുന്നത്' - മൗറീന്യോക്ക് മറുപടിയുമായി ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ്

Sreejith N
FBL-FRA-PRESSER
FBL-FRA-PRESSER / FRANCK FIFE/Getty Images
facebooktwitterreddit

വരാനിരിക്കുന്ന യൂറോ കപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ളത് ഫ്രാൻസിനാണെന്ന അഭിപ്രായം പ്രകടിപ്പിച്ച മൗറീന്യോക്ക് മറുപടിയുമായി ഫ്രാൻസ് ടീമിന്റെ പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. ഇതുപോലെ തന്നെയാണ് താൻ മൗറീന്യോ പരിശീലകനായിരുന്ന ടോട്ടനം ഹോട്സ്‌പറിനെ കുറിച്ച് സീസണിന്റെ തുടക്കത്തിൽ ചിന്തിച്ചിരുന്നതെന്നും എന്നാൽ അതു സംഭവിച്ചില്ലെന്നും പറഞ്ഞ ദെഷാംപ്‌സ് താരബാഹുല്യത്തേക്കാൾ ടീമിന്റെ സന്തുലിതാവസ്ഥയാണ് പ്രധാനമെന്ന് വ്യക്തമാക്കി.

കഴിഞ്ഞ തവണ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ ഇത്തവണ ഒന്നിനൊന്നു മികച്ച താരങ്ങളുള്ളതു കൊണ്ടാണ് കിരീടം നേടാൻ മൗറീന്യോ കൂടുതൽ സാധ്യത കൽപ്പിച്ചത്. വേണമെങ്കിൽ മൂന്നു ടീമുകൾ ഉണ്ടാക്കാനുള്ള താരങ്ങൾ ഫ്രാൻസ് ടീമിലുണ്ടെന്നു പറഞ്ഞ മൗറീന്യോ അവർക്കൊരു ദൗർബല്യവും താൻ കാണുന്നില്ലെന്നും വ്യക്തമാക്കി. എന്നാൽ പോർച്ചുഗീസ് പരിശീലകന്റെ ഈ അഭിപ്രായങ്ങളെ ദെഷാംപ്‌സ് തള്ളിക്കളഞ്ഞു.

"ടോട്ടനം ടീമിനെക്കുറിച്ചും ഞാൻ ഇതു തന്നെയാണ് ചിന്തിച്ചിരുന്നതെങ്കിലും അതുപോലെയല്ല അവസാനം സംഭവിച്ചത്. അതെ, ലോകചാമ്പ്യന്മാരെന്ന നിലയിലെത്തുന്ന ഞങ്ങൾക്ക് ടൂർണമെന്റിൽ കിരീടം നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. അതൊരു സമ്മർദ്ദമല്ല, യാഥാർഥ്യമാണ്. അതിനെക്കുറിച്ചുള്ള വാഗ്വാദങ്ങളിൽ നിന്നും ഒളിച്ചോടാനും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല," ടെലിഫൂട്ടിനോട് ദെഷാംപ്‌സ് പറഞ്ഞു.

"ഞങ്ങൾക്ക് വളരെ കരുത്തുറ്റ ആക്രമണനിരയുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെങ്കിലും അതിൽ മാത്രമല്ല കാര്യം. ചെറിയ ക്രമീകരണങ്ങളിലൂടെ ടീമിന്റെ സന്തുലിതാവസ്ഥ നേടിയെടുക്കേണ്ടതുണ്ട്. പന്ത് പരമാവധി സമയം കൈവശം വെക്കാനാണ് എനിക്കു താൽപര്യം. എന്നാൽ അതിനു കഴിയാത്ത സന്ദർഭങ്ങളിലും ഞങ്ങൾ ഞങ്ങളുടെ കരുത്തു കാഴ്‌ച വെക്കുന്നതു തുടരണം," ദെഷാംപ്‌സ് വ്യക്തമാക്കി.

യൂറോ കപ്പിനു മുൻപുള്ള അവസാന തയ്യാറെടുപ്പു മത്സരത്തിൽ ബൾഗേറിയയെ നേരിടാനൊരുങ്ങി നിൽക്കെയാണ് ഫ്രാൻസ്. ആദ്യ സന്നാഹ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയം നേടിയ ടീമിന് യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗൽ, ജർമനി എന്നീ കരുത്തരായ ടീമുകളെയാണ് നേരിടാനുള്ളത്. ജൂൺ പതിനഞ്ചിനാണ്‌ യൂറോകപ്പിൽ ഫ്രാൻസിന്റെ ആദ്യ മത്സരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit