Football in Malayalam

റുഡിഗറിനെ നിഷ്പ്രഭനാക്കിയ റൊണാൾഡോ സ്‌കിൽ അസംബന്ധം, പോർച്ചുഗൽ നായകൻ വിഡ്ഢിയാണെന്ന് ദിദി ഹമാൻ

Sreejith N
Portugal v Germany - UEFA Euro 2020: Group F
Portugal v Germany - UEFA Euro 2020: Group F / Alexander Hassenstein/Getty Images
facebooktwitterreddit

ജർമനിയും പോർച്ചുഗലും തമ്മിലുള്ള യൂറോ കപ്പ് മത്സരത്തിനിടെ പ്രതിരോധ താരമായ അന്റോണിയോ റുഡിഗറിനെ നിഷ്പ്രഭമാക്കിയ റൊണാൾഡോയുടെ സ്‌കിൽ ആ സമയത്ത് അനാവശ്യവും അസംബന്ധവുമായിരുന്നുവെന്ന വിമർശനവുമായി മുൻ ജർമൻ താരവും പരിശീലകനുമായ ദിദി ഹമാൻ. മത്സരത്തിൽ പോർച്ചുഗൽ ഒരു ഗോളിന് മുന്നിൽ നിൽക്കുമ്പോൾ റൊണാൾഡോ കാണിച്ച സ്‌കിൽ ആരാധകർക്കിടയിൽ തരംഗമായിരുന്നു.

തന്റെ ഗോളിലൂടെ പോർച്ചുഗൽ മത്സരത്തിൽ മുന്നിലെത്തിയപ്പോൾ ആത്മവിശ്വാസത്തോടെ കളിച്ചിരുന്ന റൊണാൾഡോ ആ സമയത്താണ് ചെൽസി താരതിനെതിരെ പ്രത്യേക സ്‌കിൽ പുറത്തെടുത്തത്. തനിക്ക് നേരെ വന്ന റുഡിഗറുടെ തലക്കു മുകളിലൂടെ പന്തെടുത്ത താരം അത് പിടിക്കാൻ പോകുന്നത് പോലെയുള്ള ആംഗ്യം കാണിച്ചതിന് ശേഷം ഒരു നോ ലുക്ക് ഫ്ലിക്കിലൂടെ അതു സഹതാരത്തിനു കൈമാറുകയായിരുന്നു.

എന്നാൽ റൊണാൾഡോയുടെ സ്‌കിൽ എതിരാളികളെ താഴ്ത്തിക്കെട്ടുന്നതു പോലെയാണെന്ന് ആർടിഇയോടു സംസാരിക്കുമ്പോൾ അഭിപ്രായപ്പെട്ട ഹമാൻ ജർമനിയുടെ തിരിച്ചുവരവിനും പോർച്ചുഗലിന്റെ തോൽവിക്കും അത് കാരണമായിട്ടുണ്ടാകാമെന്നും പറഞ്ഞു.

"അതൊരു അസംബന്ധമാണെന്ന് ഞാൻ കരുതുന്നു. പന്ത് ഫ്ലിക്ക് ചെയ്‌തുയർത്തിയ താരം അത് പിടിക്കാൻ പോകുന്നതു പോലെയുള്ള ആംഗ്യം കാണിച്ച് ബാക്ക് ഹീൽ ചെയ്‌ത്‌ അപ്പുറത്തേക്ക് നീക്കി, മറ്റെവിടേക്കോ നോക്കുകയും ചെയ്‌തു.

"തീർച്ചയായും അത് മനോഹരമായിരുന്നു, അതിനുള്ള കഴിവും താരത്തിനുണ്ട്. എന്നാൽ എതിരാളികളെ താഴ്ത്തിക്കെട്ടുന്നതു പോലെയുള്ള ഒരു പ്രവൃത്തിയായാണ് എനിക്കതു തോന്നിയത്. പോർച്ചുഗൽ ഒരു ഗോളിന് മുന്നിൽ നിൽക്കെയാണ് ഇത് സംഭവിച്ചത്. ഞാനിവിടെയിരുന്ന് നിങ്ങളെല്ലാവരും അതിനെ സ്‌തുതിക്കുന്നതു കാണുന്നു. മെസിക്കൊപ്പം ലോകത്തിലെ മികച്ച താരമാണ് റൊണാൾഡോ. എന്നാൽ വിഡ്ഢിയായ അദ്ദേഹം അതുപോലെ തന്നെയാണ് പെരുമാറിയത്," ഹമാൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു.

എതിരാളിയെ അപമാനിക്കുന്ന തരത്തിൽ റൊണാൾഡോ നടത്തിയ സ്‌കിൽ ജർമൻ താരങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണെന്നും മത്സരത്തിൽ തിരിച്ചു വരാൻ ടീമിന് പ്രചോദനം നൽകിയത് അതായിരിക്കാമെന്നും ഹമാൻ പറഞ്ഞു. റൊണാൾഡോയുടെ ഗോളിന് ശേഷം ശക്തമായി തിരിച്ചു വന്ന ജർമനി നാല് ഗോളുകൾ പോർച്ചുഗൽ വലയിൽ അടിച്ചു കയറ്റി രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit