ലോകകപ്പ് യോഗ്യത പ്ലേ ഓഫിനൊരുങ്ങുന്ന പോർച്ചുഗലിന് തിരിച്ചടി, ഡയസുൾപ്പെടെ മൂന്നു പ്രധാന താരങ്ങൾ പുറത്ത്


ഖത്തർ ലോകകപ്പിന് യോഗ്യത നേടാനുള്ള പ്ലേ ഓഫ് മത്സരങ്ങൾ കളിക്കാനിരിക്കുന്ന പോർച്ചുഗൽ ടീമിന് തിരിച്ചടിയായി പ്രതിരോധനിരയിലെ പ്രധാനതാരമായ റൂബൻ ഡയസ് ഉൾപ്പെടെ മൂന്നു പ്രധാന കളിക്കാർ സ്ക്വാഡിൽ നിന്നും പുറത്ത്. മാഞ്ചസ്റ്റർ സിറ്റി താരത്തിനു പുറമെ മധ്യനിര താരം റെനാറ്റോ സാഞ്ചസ്, വിങ്ബാക്കായ നെൽസൺ സെമഡോ എന്നിവരാണ് സ്ക്വാഡിൽ നിന്നും ഒഴിവാക്കപ്പെട്ടത്.
പരിക്കാണ് ഈ മൂന്നു താരങ്ങളും നിർണായമായ മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നിന്നും പുറത്തു പോകാൻ കാരണമായത്. കഴിഞ്ഞ മാസം പീറ്റർസ്ബറോ യുണൈറ്റഡിനെതിരെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ പരിക്കേറ്റ റൂബൻ ഡയസിന്റെ അസാന്നിധ്യമാണ് പോർച്ചുഗലിന് വലിയ തിരിച്ചടി നൽകുക. ഇതിനൊപ്പമാണ് റെനാറ്റോ സാഞ്ചസ്, സെമെഡോ എന്നിവരെക്കൂടി ടീമിനു നഷ്ടമായിരിക്കുന്നത്.
OFFICIAL: Portugal have named their squad for the 2022 World Cup play-offs. ??#WorldCup2022 pic.twitter.com/djW8172pXI
— Squawka News (@SquawkaNews) March 17, 2022
റൂബൻ ഡയസിന്റെ അഭാവത്തിൽ സ്പോർട്ടിങ് എസ്പി താരം ഗോൺസാലോ ഇനാഷിയോ പോർച്ചുഗൽ ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടില്ലാത്ത താരത്തിനു പകരം പരിചയസമ്പന്നരായ, മുപ്പത്തിയെട്ടുകാരനായ ലില്ലേ താരം ജോസ് ഫൊന്റെയും മുപ്പത്തിയൊൻപതു വയസുള്ള പോർട്ടോ ഡിഫൻഡർ പെപ്പെയും തന്നെയാണ് പോർച്ചുഗീസ് പ്രതിരോധത്തെ നയിക്കാൻ സാധ്യത.
ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ സെർബിയക്കു പിന്നിൽ രണ്ടാം സ്ഥാനത്തേക്കു വീണതോടെയാണ് പോർച്ചുഗൽ ലോകകപ്പ് യോഗ്യത നേടാൻ പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. ആദ്യം തുർക്കിയുമായി പ്ലേ ഓഫ് കളിക്കേണ്ട ടീം അതിൽ വിജയിച്ചാൽ ഇറ്റലിയും നോർത്ത് മാസിഡോണിയും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയെ നേരിടും. അതിൽ ജയം നേടിയാലേ പോർച്ചുഗലിന് ഖത്തർ ലോകകപ്പ് കളിക്കാൻ കഴിയൂ.
ഈ താരങ്ങളുടെ അഭാവത്തിലും റൊണാൾഡോ, ബെർണാഡോ സിൽവ, ബ്രൂണോ ഹെർണാണ്ടസ്, ഫെലിക്സ്, നെവെസ്, ജോട്ട തുടങ്ങിയ താരങ്ങളടങ്ങിയ മികച്ച സ്ക്വാഡ് പോർച്ചുഗലിന് സ്വന്തമാണെന്നത് ആരാധകർക്ക് പ്രതീക്ഷയാണ്. പോർച്ചുഗലാണ് മുന്നേറുന്നതെങ്കിൽ കഴിഞ്ഞ യൂറോ കപ്പ് വിജയികളായ ഇറ്റലി ലോകകപ്പ് കാണാതെ പുറത്താകും. 24നു രാത്രി 1.15നാണ് പോർച്ചുഗൽ തുർക്കിയെ നേരിടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.