Lionel Messi

അടുത്ത സീസണിൽ മെസിക്ക് പത്താം നമ്പർ ജേഴ്‌സി നൽകണമെന്നാവശ്യപ്പെട്ട് ഏഞ്ചൽ ഡി മരിയ

Sreejith N
Angel Di Maria Want Messi To Wear Jersey Number 10
Angel Di Maria Want Messi To Wear Jersey Number 10 / John Berry/GettyImages
facebooktwitterreddit

അടുത്ത സീസണിൽ പിഎസ്‌ജിയുടെ പത്താം നമ്പർ ജേഴ്‌സി ലയണൽ മെസി തന്നെ അണിയണമെന്നാവശ്യപ്പെട്ട് ക്ലബിലെയും ദേശീയടീമിലെയും സഹതാരമായ ഏഞ്ചൽ ഡി മരിയ. കരാർ അവസാനിച്ച് ഫ്രീ ഏജന്റായി ക്ലബ് വിടാനൊരുങ്ങുന്ന ഡി മരിയ തന്റെ പതിനൊന്നാം നമ്പർ ജേഴ്‌സി നെയ്‌മർക്കു നൽകി മെസിക്ക് പത്താം നമ്പർ നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി നിലവിൽ മുപ്പതാം നമ്പർ ജേഴ്‌സിയാണ് അണിഞ്ഞു കൊണ്ടിരിക്കുന്നത്. താരം ക്ലബ്ബിലേക്ക് ചേക്കേറിയപ്പോൾ സഹതാരവും അടുത്ത സുഹൃത്തുമായ നെയ്‌മർ പത്താം നമ്പർ ജേഴ്‌സി വാഗ്‌ദാനം ചെയ്‌തെങ്കിലും മെസി അതു നിഷേധിക്കുകയായിരുന്നു.

തന്റെ അടുത്ത സുഹൃത്തും വർഷങ്ങളോളം പിഎസ്‌ജിയുടെ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞിരുന്ന നെയ്‌മർ തന്നെ തുടർന്നും അതണിയട്ടെ എന്ന തീരുമാനത്തിന്റെ പുറത്താണ് മെസി നെയ്‌മറുടെ വാഗ്‌ദാനം നിഷേധിച്ചത്. എന്നാൽ ആ തീരുമാനത്തിൽ നിന്നും പിന്മാറി മെസി തന്നെ പിഎസ്‌ജിയുടെ പത്താം നമ്പർ ജേഴ്‌സി ആവശ്യപ്പെടണമെന്ന് ഡി മരിയ വ്യക്തമാക്കുന്നു.

"അടുത്ത വർഷം മുതൽ ലിയോ പത്താം നമ്പർ ജേഴ്‌സി ചോദിക്കണം, നെയ്‌മർ പതിനൊന്നാം നമ്പർ ജേഴ്‌സി അണിയണം. അങ്ങിനെയാണു വേണ്ടത്. മെസിയാണ് നമ്പർ 10, മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. ആ ഷർട്ട് മെസിക്കുള്ളതാണ്." ഫ്രഞ്ച് പ്രസിനോട് സംസാരിക്കുമ്പോൾ ഏഞ്ചൽ ഡി മരിയ പറഞ്ഞു.

പിഎസ്‌ജി വിടുന്ന ഡി മരിയ യുവന്റസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ശക്തമായി ഉള്ളതെങ്കിലും അതു താരം നിഷേധിച്ചു. ഇനിയും സമയമുണ്ടെന്നും ചിന്തിച്ചതിനു ശേഷം മാത്രമേ ട്രാൻസ്‌ഫറിനെ കുറിച്ച് തീരുമാനം എടുക്കൂവെന്നും തന്റെ കുടുംബത്തെക്കുറിച്ചു കൂടി ചിന്തിക്കേണ്ടതുണ്ടെന്നും ഡി മരിയ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit