പോച്ചട്ടിനോക്കു പകരം പുതിയ പരിശീലകനെത്തുന്നത് മെസിയുടെ മികച്ച പ്രകടനത്തിന് സഹായിക്കുമെന്ന് ഏഞ്ചൽ ഡി മരിയ

Di Maria Says Messi Will Thrive Next Season Without Pochettino
Di Maria Says Messi Will Thrive Next Season Without Pochettino / Jonathan Moscrop/GettyImages
facebooktwitterreddit

മൗറീസിയോ പോച്ചട്ടിനോ പിഎസ്‌ജി പരിശീലകസ്ഥാനത്തു നിന്നും മാറി പുതിയ പരിശീലകനെത്തുന്നത് മെസിയെ മികച്ച പ്രകടനം നടത്താൻ സഹായിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് സഹതാരം ഏഞ്ചൽ ഡി മരിയ. 2023 വരെ കരാറുള്ള അർജന്റീന പരിശീലകനെ ഈ സമ്മറിൽ തന്നെ പിഎസ്‌ജി ഒഴിവാക്കുമെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് ഡി മരിയയുടെ പ്രതികരണം.

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് ഫ്രഞ്ച് ലീഗുമായി ഒത്തിണങ്ങാൻ സമയമെടുത്തതും പരിക്കിന്റെ പ്രശ്‌നങ്ങളും മൂലം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് പുതിയ പരിശീലകന്റെ സാന്നിധ്യം മെസിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഡി മരിയ പ്രകടിപ്പിച്ചത്.

"പോച്ചട്ടിനോ ക്ലബിൽ നിന്നും പുറത്തു പോവുകയാണ് അവർക്കും വേണ്ടതെന്ന് തോന്നുന്നു. അതൊരു വലിയ മാറ്റമുണ്ടാക്കും, പക്ഷെ മെസിക്കത് കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്." അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ ഡി മരിയ പറഞ്ഞു.

"അടുത്ത സീസണിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അതു താരത്തെ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഈ സീസണിന്റെ അവസാന ഘട്ടത്തിൽ ഗോളുകൾക്ക് സംഭാവനയും അസിസ്റ്റും നൽകി വളരെ സമാധാനത്തോടെ, കൂടുതൽ ഇണങ്ങിച്ചേർന്നു കളിച്ച താരം അടുത്ത സീസൺ ആരംഭിക്കുക വളരെ മികച്ച രീതിയിലാകുമെന്ന് ഞാൻ കരുതുന്നു." ഡി മരിയ വ്യക്തമാക്കി.

ജൂണിൽ കരാർ പൂർത്തിയായി പിഎസ്‌ജി വിടാൻ തയ്യാറെടുക്കുന്ന ഏഞ്ചൽ ഡി മരിയ കൂടുതൽ താരങ്ങൾ ക്ലബ് വിടുമെന്നും പറഞ്ഞു. കരാർ പുതുക്കാതിരുന്നാൽ മതിയെന്നതിനാൽ തന്നെ ഒഴിവാക്കാൻ അവർക്ക് എളുപ്പമായിരുന്നുവെന്നും ഡി മരിയ കൂട്ടിച്ചേർത്തു. പിഎസ്‌ജി ആരാധകരുടെ സ്നേഹത്തിനു നന്ദി പ്രകടിപ്പിക്കാനും താരം മറന്നില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.