റയൽ മാഡ്രിഡിലെത്താൻ ഏംബാപ്പെക്ക് ഇനിയും സമയമുണ്ട്, പിഎസ്ജിയിൽ തുടർന്നത് ശരിയായ തീരുമാനമെന്ന് ഡി മരിയ


പിഎസ്ജിയുമായി കിലിയൻ എംബാപ്പെ കരാർ പുതുക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്ന് ഏഞ്ചൽ ഡി മരിയ. റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ താരത്തിന് ഇനിയും സമയമുണ്ടെന്നും ലോസ് ബ്ലാങ്കോസിന്റെ മുൻ താരം കൂടിയായ ഡി മരിയ പറഞ്ഞു. മെറ്റ്സുമായി ഈ സീസണിലെ അവസാനത്തെ ഫ്രഞ്ച് ലീഗ് മത്സരം കളിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അർജന്റീന താരം.
"എംബാപ്പെ ശരിയായ തീരുമാനം എടുത്തുവെന്നാണ് ഞാൻ കരുതുന്നത്. ചെറുപ്പക്കാരനായ എംബാപ്പക്ക് റയൽ മാഡ്രിഡിലേക്ക് പോകാൻ ഇനിയും സമയമുണ്ട്, താൽപര്യമുള്ള ഏതു ക്ലബിലേക്കും താരത്തിന് ചേക്കേറാൻ കഴിയും. മൂന്നു വർഷത്തേക്ക് കരാറൊപ്പിട്ട താരത്തിന് അത് പൂർത്തിയാകുമ്പോൾ 26 വയസാകും. ഇനിയും ഒരുപാട് താരത്തിന്റെ മുന്നിലുണ്ട്. ചരിത്രം കുറിക്കാൻ ആഗ്രഹമുള്ള താരം ഇവിടെയത് തുടരും. ഇരുനൂറു ഗോളുകൾക്ക് തൊട്ടരികിലാണ് "
Angela Di Maria: Kylian Mbappe still has time for Madrid move https://t.co/9CIkolOaWW
— TODAY (@todayng) May 23, 2022
മൂന്നു വർഷത്തേക്ക് പിഎസ്ജി കരാർ പുതുക്കിയ എംബാപ്പെ 2025ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമോയെന്ന ചോദ്യത്തിനും ഡി മരിയ മറുപടി പറഞ്ഞു. "എനിക്കറിയില്ല. മാഡ്രിഡിലെ ആളുകൾ വളരെ സങ്കീർണതയുള്ളവരാണ്, ബെർണാബു വളരെ ബുദ്ധിമുട്ടേറിയ ഇടമാണ്, എന്നാൽ താരത്തിന് അതിനെയെല്ലാം മറികടക്കാനുള്ള പ്രതിഭയുണ്ട്." ഡി മരിയ വ്യക്തമാക്കി.
കരാർ പുതുക്കുന്നില്ലെന്ന് പിഎസ്ജി തീരുമാനിച്ചതോടെ ഫ്രീ ഏജന്റായി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണ് ഡി മരിയ. ക്ലബിനൊപ്പം തുടരണമെന്നും ചാമ്പ്യൻസ് ലീഗെന്ന ലക്ഷ്യം പൂർത്തിയാക്കണമെന്നും തനിക്കുണ്ടായിരുന്നുവെന്നും ഡി മരിയ പറഞ്ഞു. നിലവിലുള്ള താരങ്ങൾ അതേ മാർഗത്തിലൂടെ മുന്നോട്ടു പോകുമെന്നും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ശ്രമിക്കുമെന്നും പ്രതീക്ഷയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.