പിഎസ്‌ജി ആരാധകർ കൂക്കി വിളിച്ചതിനോട് മെസി പ്രതികരിച്ചതെങ്ങിനെയെന്നു വെളിപ്പെടുത്തി ഡി മരിയ

Di Maria Reveals How Messi Reacted To PSG Fans Boos
Di Maria Reveals How Messi Reacted To PSG Fans Boos / Jonathan Moscrop/GettyImages
facebooktwitterreddit

ലയണൽ മെസിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും നിരാശപ്പെടുത്തുന്ന സീസണായിരിക്കും കടന്നു പോയിട്ടുണ്ടാവുക. കോപ്പ അമേരിക്ക കിരീടനേട്ടത്തിനു ശേഷം ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിന് ഇതുവരെയും തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. നിരവധി വർഷങ്ങൾ കളിച്ച ക്ലബിൽ നിന്നും മറ്റൊരിടത്തേക്ക് പെട്ടന്ന് പറിച്ചു നട്ടത് താരത്തെ വളരെയധികം ബാധിച്ചുവെന്ന് വ്യക്തം.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റു പുറത്തായതിനു ശേഷം പിഎസ്‌ജി ആരാധകരുടെ രോഷപ്രകടനത്തിനും മെസി ഇരയായിരുന്നു. ഫ്രഞ്ച് ലീഗ് മത്സരത്തിനിറങ്ങിയ മെസിയടക്കമുള്ള പിഎസ്‌ജി താരങ്ങളെ ആരാധകർ കൂക്കി വിളിച്ചു. മെസിയുടെ കരിയറിൽ തന്നെ ഇത്തരത്തിൽ സംഭവിക്കുന്നത് അപൂർവമാണെങ്കിലും താരം അതിനു യാതൊരു ശ്രദ്ധയും കൊടുത്തിട്ടില്ലെന്നാണ് സഹതാരം ഡി മരിയ പറയുന്നത്.

"ലോകത്തിലെ ഏറ്റവും മികച്ച താരം കൂക്കിവിളികൾ നേരിട്ടു. അതു വിശ്വസിക്കുക പ്രയാസമാണ്. പക്ഷെ ഈ ക്ലബിലുള്ളവരും അൾട്രാസും കൂടുതൽ ആവശ്യപ്പെടുന്നവരാണ്. അവർ വളരെ ആവേശത്തോടെ കാത്തിരിക്കുമ്പോൾ മികച്ച താരങ്ങൾ വരികയും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നിന്നു പുറത്താവുകയും ചെയ്യുന്നത് സ്വാഭാവികമായും നിരാശ സമ്മാനിക്കും. അതെല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ്."

"ഇവിടെയതു സംഭവിച്ചത് ലോകത്തിലെ ഏറ്റവും മികച്ച താരത്തിനാണ്. ലിയോ അതിനു ശ്രദ്ധയൊന്നും കൊടുത്തില്ല എന്നതാണ് വാസ്‌തവം. ഇത് ഫുട്ബോളാണ്. ഇതിങ്ങിനെയാണ് എന്ന് ഞങ്ങൾക്കുമറിയാം. ഞങ്ങൾ കുറച്ചു കൂടി കരുത്തരായിരിക്കണം. ഇതുപോലത്തെ കാര്യങ്ങൾ ഫുട്ബോളിൽ സംഭവിക്കും." ഡി മരിയ ടോഡോ പാസോയോട് സംസാരിക്കുമ്പോൾ പറഞ്ഞു.

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ഡി മരിയ തന്റെ ഭാവിയെക്കുറിച്ചും പ്രതികരിക്കും. ഒരു വർഷം കൂടി കരാർ നീട്ടാൻ കഴിയുന്ന ഉടമ്പടി ക്ലബുമായുണ്ടെന്നും അതവർ ഉപയോഗിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റൊരു ടീമിലേക്ക് ചേക്കേറാനുള്ള പദ്ധതികളെന്നും താരം വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.