ഏത് ക്ലബ്ബിലേക്ക് പോകണമെന്ന തീരുമാനം വൈകിപ്പിച്ച് ഡി മരിയ; താരം മുൻഗണന നൽകുന്നത് ബാഴ്സലോണയിലേക്ക് ചേക്കേറാൻ

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് എയ്ഞ്ചൽ ഡി മരിയക്ക് താത്പര്യമെന്ന് റിപ്പോർട്ട്. പി.എസ്.ജി വിടുന്ന ഡി മരിയയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസ് രംഗത്തുണ്ടായിരുന്നു. താരത്തിന് വേണ്ടി ഓഫറും യുവന്റസ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാൽ തന്റെ ഭാവി കാര്യത്തിൽ ഇത് വരെ താരം തീരുമാനം കൈക്കൊണ്ടിട്ടില്ല.
തങ്ങൾ നൽകിയ ഓഫർ സ്വീകരിക്കുമോ ഇല്ലയോ എന്ന് ഈയാഴ്ച തന്നെ തീരുമാനിക്കാൻ യുവന്റസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഏത് ക്ലബ്ബിലേക്ക് ചേക്കേറണമെന്ന കാര്യത്തിലെ തന്റെ തീരുമാനം വൈകിപ്പിക്കാനാണ് ഡി മരിയയുടെ തീരുമാനം. സ്പാനിഷ് മാധ്യമമായ സ്പോർടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബാഴ്സലോണയിലേക്ക് ചേക്കേറുന്നതിനാണ് ഡി മരിയ മുൻഗണന നൽകുന്നതും, കാറ്റാലൻ ക്ലബ് തനിക്ക് വേണ്ടി നീക്കം നടത്തുമെന്ന് താരം പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബാഴ്സലോണയുടെ മറ്റൊരു ട്രാൻസ്ഫർ ലക്ഷ്യമായ ലീഡ്സ് യുണൈറ്റഡ് താരം റാഫീഞ്ഞയുമായി താരതമ്യം ചെയ്യുമ്പോൾ മരിയയെ സ്വന്തമാക്കാൻ ചിലവ് കുറവാണെന്നതിനാൽ താരം ഒരു ഓപ്ഷനായി കാറ്റാലൻ മുന്നിലുണ്ടെന്നും സ്പോർട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം, പി.എസ്.ജിയിലെ ഏഴു വര്‍ഷത്തെ കരിയറിന് ശേഷമാണ് ഈ സമ്മറോടെ ഡി മരിയ ഫ്രഞ്ച് ക്ലബ് വിടുന്നത്. ഫ്രീ ട്രാൻസ്ഫറിലായിരിക്കും താരം പിഎസ്ജി വിടുന്നത്.