League One

കുടുംബാംഗങ്ങളെ ബന്ദികളാക്കി വീട്ടിൽ മോഷണം, പിഎസ്‌ജിയുടെ മത്സരത്തിനിടെ ഡി മരിയ കളിക്കളം വിട്ടു

Sreejith N
Paris Saint-Germain v FC Nantes - Ligue 1 Uber Eats
Paris Saint-Germain v FC Nantes - Ligue 1 Uber Eats / Xavier Laine/Getty Images
facebooktwitterreddit

നാന്റസുമായി ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കളിക്കളം വിടാൻ നിർബന്ധിതനായി പിഎസ്‌ജി താരം ഏഞ്ചൽ ഡി മരിയ. കുടുംബാംഗങ്ങളെ ബന്ദികളാക്കി വീട്ടിൽ മോഷണം നടന്നതിനെ തുടർന്നാണ് കളിയുടെ അറുപത്തിരണ്ടാം മിനുട്ടിൽ ഡി മരിയ മൈതാനം വിട്ടത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിഎസ്‌ജി തോൽവിയേറ്റു വാങ്ങിയിരുന്നു.

മത്സരത്തിനിടയിൽ പിഎസ്‌ജി ഡയറക്ടർ ലിയനാർഡോ പരിശീലകനായ പോച്ചട്ടിനോയെ വിളിച്ച് വിവരം അറിയിച്ചതിന്റെ ഭാഗമായാണ് ഡി മരിയ പിൻവലിക്കപ്പെട്ടത്. അർജന്റീനിയൻ മധ്യനിര താരമായ പരഡെസ് ഡി മരിയക്ക് പകരക്കാരനായി ഇറങ്ങുകയും ചെയ്‌തു. വിവരമറിഞ്ഞതോടെ അസ്വസ്ഥനായ ഡി മരിയ ഉടൻ തന്നെ സ്റ്റേഡിയം വിട്ട് വീട്ടിലേക്കു പോവുകയായിരുന്നു.

ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം അക്രമാസക്തമായ മോഷണമാണ് ഡി മരിയയുടെ വീട്ടിൽ നടന്നിരിക്കുന്നത്. ഡി മരിയയുടെ വീട്ടിൽ മാത്രമല്ല ഇന്നലെ മോഷണം നടന്നതെന്നാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. പിഎസ്‌ജിയുടെ തന്നെ മറ്റൊരു താരമായ മാർക്വിന്യോസിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലും ഇന്നലെ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയിരുന്നു.

മോഷണം നടക്കുന്ന സമയത്ത് ഡി മരിയയുടെ ഭാര്യയും രണ്ടു മക്കളുമടക്കം കുടുംബത്തിലെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പ്രതികരിച്ചു. ഇതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്തും ഡി മരിയയുടെ വീട്ടിൽ മോഷണം നടന്നിരുന്നു.

കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ പിഎസ്‌ജി താരങ്ങളായ സെർജിയോ റിക്കോ, തിയാഗോ സിൽവ, മാക്‌സിം ചൂപോ മോട്ടിങ് എന്നിവരുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയില്ലെങ്കിലും ഫുട്ബോളിന് പുറത്തുള്ള കാര്യങ്ങളാണ് ഡി മരിയയെ പിൻവലിക്കാൻ കാരണമെന്നാണ് പോച്ചട്ടിനോ മത്സരശേഷം പറഞ്ഞത്.

facebooktwitterreddit