Football in Malayalam

ബാഴ്‌സലോണ വിട്ട മെസിയെ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ എല്ലാവരും സഹായിക്കുന്നുണ്ടെന്ന് ഏഞ്ചൽ ഡി മരിയ

Sreejith N
AS Saint-Etienne v Paris Saint-Germain - Ligue 1
AS Saint-Etienne v Paris Saint-Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

വളരെ ദൈർഘ്യമേറിയ ഒരു കാലയളവിനു ശേഷം ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി പുതിയ സാഹചര്യങ്ങളുമായും ടീമുമായും ഇണങ്ങിച്ചേരുന്നതിനു വേണ്ടി സഹതാരങ്ങൾ എല്ലാവരും സഹായിക്കുന്നുണ്ടെന്ന് ഏഞ്ചൽ ഡി മരിയ. അർജന്റീന നായകൻ പാരീസിലെ തന്റെ ജീവിതവുമായി വേഗത്തിൽ ഒത്തുപോകാൻ തുടങ്ങിയിട്ടുണ്ടെന്നും ഡി മരിയ കഴഞ്ഞ ദിവസം ഇഎസ്‌പിഎന്നിനോട് പറഞ്ഞു.

"ക്ലബ് ബ്രൂഗേക്കെതിരെ നടന്ന അവസാന മത്സരത്തിൽ ഞങ്ങൾ നല്ല പ്രകടനം നടത്തുന്നുണ്ടെന്നു കാണിക്കാൻ കഴിഞ്ഞുവെന്നാണ് കരുതുന്നത്. ലയണൽ മെസി ടീമിലെത്തിയതോടെ പ്രതീക്ഷകൾ വളരെ വർധിക്കുന്നത് സ്വാഭാവികമാണ്. ആളുകൾ എല്ലായിപ്പോഴും 4-0, 5-0 എന്ന സ്‌കോറാണ് പ്രതീക്ഷിക്കുന്നത്. ഫുട്ബോൾ അങ്ങിനെയല്ല. ഫുട്ബോൾ ഓരോ കഷണങ്ങളെയും മെല്ലെ മെല്ലെ ഒരുമിച്ചു ചേർക്കുന്നതാണ്."

"മെസി കുടുംബത്തിനൊപ്പം വീട്ടിൽ സന്തോഷത്തോടെ തുടരുന്നത് ഞങ്ങൾ കാണുന്നു. അദ്ദേഹത്തിന്റെ കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ട്. താരത്തിന്റെ ഇവിടുത്തെ ജീവിതം എളുപ്പമാക്കാൻ എല്ലാവരും ശ്രമിച്ചു കൊണ്ടിരിക്കയാണ്, അതുകൊണ്ടു തന്നെയാണ് മെസി ടീമുമായി വളരെ വേഗത്തിൽ ഇണങ്ങിച്ചേരുന്നത്. പാരീസിലെ ജീവിതവുമായും താരം ഇണങ്ങിച്ചേർന്നു എന്നാണ് ഞാൻ കരുതുന്നത്."

"എന്നാൽ ഫുട്ബോളിലേക്ക് വരുമ്പോൾ എല്ലാം പതിയെപ്പതിയെ ആയിരിക്കും. പുതിയ താരങ്ങളുമായും പിഎസ്‌ജിയിലെ പുതിയ രീതിയുമായും ഇണങ്ങിച്ചേരുകയെന്നത് താരത്തെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയാണ്. ബാഴ്‌സലോണ പോസെഷനിലൂന്നി കളിക്കുമ്പോൾ ഇവിടെ വേഗതയേറിയ ആക്രമണമാണ് ശൈലി. അതിൽ സന്തുലിതാവസ്ഥയുണ്ടാക്കി ഞങ്ങൾ താരത്തോടും താരം ഞങ്ങളോടും ഇണങ്ങിച്ചേരാൻ വേണ്ടി ശ്രമിക്കുകയാണ്." ഡി മരിയ പറഞ്ഞു.

ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് പോച്ചട്ടിനോക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്നും ഡി മരിയ പറഞ്ഞു. പതിനൊന്നു താരങ്ങൾക്കു മാത്രമേ മൈതാനത്ത് കളിക്കാൻ കഴിയൂവെന്നും എല്ലാവരെയും ഒരുപോലെ തൃപ്‌തിപ്പെടുത്തുക ബുദ്ധിമുട്ടാണെന്നും പറഞ്ഞ പോച്ചട്ടിനോ ടീം ഏറ്റവും മികച്ച പ്രകടനം നടത്താൻ അദ്ദേഹം കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നു വ്യക്തമാക്കി.

facebooktwitterreddit