Football in Malayalam

റൊണാൾഡോ പിഎസ്‌ജിയിലെത്താൻ ആഗ്രഹിച്ചിരുന്നിരിക്കണം, എന്നാൽ എത്തിയത് അതിനേക്കാൾ മികച്ച മെസിയാണെന്ന് ഡി മരിയ

Sreejith N
FBL-EUR-C1-PSG-BARCELONA
FBL-EUR-C1-PSG-BARCELONA / FRANCK FIFE/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ പിഎസ്‌ജിയിലേക്ക് ചേക്കേറാനുണ്ടായിരുന്ന സാധ്യതകളെപ്പറ്റിയും അടുത്ത സീസണിൽ യുവന്റസ് താരം ഫ്രീ ട്രാൻസ്‌ഫറിൽ ഫ്രാൻസിൽ എത്തുമെന്ന അഭ്യൂഹങ്ങളിലും പ്രതികരിച്ച് ഡി മരിയ. പിഎസ്‌ജിയിലേക്ക് ചേക്കേറാൻ റൊണാൾഡോ തീർച്ചയായും ആഗ്രഹിച്ചിട്ടുണ്ടാകുമെന്നും എന്നാൽ പകരം അതിനേക്കാൾ മികച്ച താരമായ മെസിയെ സ്വന്തമാക്കാൻ ക്ലബിന് കഴിഞ്ഞുവെന്നും ഡി മരിയ അഭിപ്രായപ്പെട്ടു.

"പിഎസ്‌ജിയിൽ എത്താൻ കഴിയാത്തതിൽ റൊണാൾഡോ വളരെയധികം പ്രയാസപ്പെടുന്നുണ്ടാകും. പിഎസ്‌ജിയിലുള്ള താരങ്ങളുടെ നിലവാരവും അളവും അസാധാരണമാണ്. ഇതെല്ലായിപ്പോഴും ക്ലബുകളിൽ സംഭവിക്കുന്ന കാര്യമല്ല. മികച്ച താരങ്ങൾക്ക് ഏറ്റവും മികച്ച കളിക്കാർ ടീമിലുണ്ടാകാനാണ് താൽപര്യം."

"റൊണാൾഡോക്കും ഇവിടെയെത്താൻ താൽപര്യമുണ്ടായിരിക്കും. എന്നാൽ അവർ മെസിയെ ടീമിലെത്തിച്ചു, ഭാഗ്യവശാൽ റൊണാൾഡോയെക്കാൾ മികച്ച താരമാണ് ലയണൽ മെസി," അർജന്റീന മാധ്യമമായ ടൈക് സ്പോർട്സിനോട് ഡി മരിയ പറഞ്ഞു.

"എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസിക്കൊപ്പം കളിക്കുകയെന്നത് വളരെ അനായാസമായ കാര്യമാണ്. നമ്മൾ റൺ നടത്തിയാൽ താരം പന്ത് നമുക്ക് നൽകും, അത് കാലിലേക്ക് വന്നു ചേരുകയും ചെയ്യും. ഒരു കാര്യത്തിനും ഒഴികഴിവില്ല. ഞങ്ങൾ തമ്മിൽ കളിക്കളത്തിലും പുറത്തും മികച്ച ബന്ധമാണുള്ളത്. അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാനും എളുപ്പമാണ്."

മെസിക്കൊപ്പം കളിക്കാൻ വേണ്ടി ബാഴ്‌സലോണയിലേക്ക് ചേക്കേറിയ അഗ്യൂറോയുടെ കാര്യത്തിൽ ഡി മരിയ സഹതാപം പ്രകടിപ്പിച്ചു. "അഗ്യൂറോ കടുത്ത പ്രയാസത്തിലായിരിക്കും, എന്താണ് നമുക്ക് ചെയ്യാനാവുക. മെസി ക്ലബ് വിട്ടതിനു പുറമെ താരത്തിന് പരിക്കു പറ്റി ആഴ്‌ചകളോളം പുറത്തിരിക്കേണ്ടി വന്നത് അതിനേക്കാൾ ദുഖകരമാണ്," ഡി മരിയ പറഞ്ഞു.

ബാഴ്‌സലോണയെക്കാൾ മെസി പിഎസ്‌ജിയിൽ സന്തോഷവാനായി തുടരുമെന്ന അഭിപ്രായവും ഡി മരിയ പ്രകടിപ്പിച്ചു. താരത്തെ കാണുന്നതിനു വേണ്ടി മാത്രം എല്ലാ സമയത്തും നിരവധി ആരാധകർ ഉണ്ടാകുമെന്നു പറഞ്ഞ ഡി മരിയ, താൻ ഒപ്പം കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും മികച്ചത് മെസിയാണെന്നും വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit