Transfers

ഏഞ്ചൽ ഡി മരിയക്ക് ബാഴ്‌സയിലെത്തണം, യുവന്റസിനോടു കൂടുതൽ സമയം ആവശ്യപ്പെട്ട് അർജന്റീന താരം

Sreejith N
Angel Di Maria Ask Juventus To Wait As He Consider Barcelona
Angel Di Maria Ask Juventus To Wait As He Consider Barcelona / MB Media/GettyImages
facebooktwitterreddit

അർജന്റീന മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയ ബാഴ്‌സയുടെ ഓഫറും കാത്തിരിക്കുകയാണെന്നു റിപ്പോർട്ടുകൾ. സ്‌പാനിഷ്‌ ക്ലബ്ബിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന താരം തനിക്കു വേണ്ടി രംഗത്തുള്ള ഇറ്റാലിയൻ ക്ലബായ യുവന്റസിനോട് കുറച്ചു സമയം കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടുവെന്ന് ഗോൾ ഇറ്റാലിയയെ അധികരിച്ച് സ്‌പാനിഷ്‌ മാധ്യമം സ്പോർട്ട് വെളിപ്പെടുത്തി.

കരാർ നീട്ടുന്നില്ലെന്ന് പിഎസ്‌ജി തീരുമാനിച്ചതോടെ ഫ്രീ ഏജന്റായ ഏഞ്ചൽ ഡി മരിയക്കായി തുടക്കം മുതൽ തന്നെ യുവന്റസ് രംഗത്തുണ്ടായിരുന്നു. താരം ഇറ്റാലിയൻ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർധിച്ച സമയത്താണ് ഒസ്മാനെ ഡെംബലെയുടെ പകരക്കാരനായി ബാഴ്‌സലോണ ഡി മരിയയെ പരിഗണിക്കുന്നത്. ഇതോടെ അർജന്റൈൻ താരത്തിന്റെ മനസു മാറുകയായിരുന്നു.

ഡെംബലെക്ക് പകരക്കാരനായി ബാഴ്‌സലോണയുടെ പ്രധാന ലക്‌ഷ്യം ബ്രസീലിയൻ താരം റാഫിന്യയാണെങ്കിലും ആ നീക്കങ്ങൾ വിജയിച്ചില്ലെങ്കിൽ ഡി മരിയയെ സ്വന്തമാക്കാനാണ് പദ്ധതി. അതേസമയം ബാഴ്‌സലോണയുടെ ഓഫർ ലഭിച്ചാൽ മറ്റുള്ള ഓഫറുകളെല്ലാം തഴയാൻ ഡി മരിയ ഒരുക്കമാണ്. കൃത്യമായൊരു തീരുമാനം അറിയുന്നതിനു വേണ്ടിയാണ് ഡി യുവന്റസിനോട് കാത്തിരിക്കാൻ ഡി മരിയ അഭ്യർത്ഥിച്ചത്.

നിലവിൽ ഇബിസയിൽ ഒഴിവുദിവസങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഡി മരിയയെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ കഴിയുന്നത് സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്‌സലോണയെ സംബന്ധിച്ച് നല്ല കാര്യമാണെന്ന് പരിശീലകൻ സാവിക്ക്‌ അറിയാം. ഇപ്പോഴും തന്റെ പ്രകടനമികവിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് താരം പിഎസ്‌ജിക്കും അർജന്റീനക്കുമൊപ്പം തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഒസ്മാനെ ഡെംബലെ കരാർ പുതുക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനം എടുക്കാത്തത് ബാഴ്‌സലോണയിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ഫ്രഞ്ച് താരം തുടരുകയാണെങ്കിൽ പകരം കളിക്കാരനെ ബാഴ്‌സലോണക്ക് കണ്ടെത്തേണ്ടതില്ല. എന്നാൽ ഡെംബലെക്കു വേണ്ടി നിലവിലുള്ള ഓഫർ വർധിപ്പിക്കാൻ ബാഴ്‌സലോണ ഒരുക്കവുമല്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit