Football in Malayalam

ഡേവിഡ് അലബയുടെ റയൽ മാഡ്രിഡ് കരാർ പുറത്ത്, കരാറിന്റെ മൂല്യം നൂറു മില്യൺ യൂറോയിലധികം

Sreejith N
Netherlands v Austria - UEFA Euro 2020: Group C
Netherlands v Austria - UEFA Euro 2020: Group C / Dean Mouhtaropoulos/Getty Images
facebooktwitterreddit

ബയേൺ മ്യൂണിക്കിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഡേവിഡ് അലബയുടെ കരാർ വിവരങ്ങൾ പുറത്ത്. ഫ്രീ ട്രാൻസ്‌ഫറിലാണ് ഓസ്ട്രിയൻ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതെങ്കിലും നൂറു മില്യൺ യൂറോയിലധികമാണ് താരത്തിന്റെ അഞ്ചു വർഷത്തിന്റെ കരാറിന് മൂല്യമുള്ളത്. അലബയുടെ പ്രതിഫലം, സൈനിങ്‌ ഫീസ്, മറ്റു ഫീസുകൾ എന്നിവയടക്കമാണ് ഇതു കണക്കാക്കുന്നത്.

യൂത്ത് ടീം മുതൽ തന്നെ ബയേൺ മ്യൂണിക്കിനൊപ്പമുള്ള ഡേവിഡ് അലബ യൂറോപ്പിൽ സ്വപ്‌നതുല്യമായ നേട്ടങ്ങളാണ് ജർമൻ ക്ലബിനൊപ്പം സ്വന്തമാക്കിയിട്ടുള്ളത്. പത്ത് ബുണ്ടസ്‌ലിഗ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയിട്ടുള്ള ഇരുപത്തിയൊമ്പതു വയസുള്ള താരം പുതിയ വെല്ലുവിളികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ജർമൻ ക്ലബ് വിട്ട് സ്പെയിനിലേക്ക് ചേക്കേറിയത്.

ജർമൻ മാധ്യമമായ ഡെർ സ്പീഗലിന്റെ റിപ്പോർട്ടുകൾ പ്രകാരം അഞ്ചു വർഷത്തെ കരാറിൽ ആഴ്ചയിൽ 376000 പൗണ്ട് എന്ന കണക്കിൽ 98 മില്യൺ പൗണ്ടാണ് അലബക്ക് പ്രതിഫലമായി ലഭിക്കുക. ഇതിനു പുറമെ ഫ്രീ ട്രാൻസ്‌ഫറിൽ എത്തിയ താരത്തിന് 15.1 മില്യൺ പൗണ്ട് സൈനിങ്‌ ഫീസായും താരത്തിന്റെ ഏജന്റായ പിനി സഹാവിക്ക് 4.4 മില്യൺ പൗണ്ട് കമ്മീഷനായും ലഭിക്കും.

ഇതിനു പുറമെ അലബയുടെ അച്ഛനായ ജോർജിന് 5.4 മില്യൺ യൂറോ കരാറിന്റെ ഭാഗമായി റയൽ മാഡ്രിഡ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഈ തുക നൽകിയതിന്റെ കാരണമൊന്നും ഇതിൽ വ്യക്തമാക്കിയിട്ടില്ല. അഞ്ചു വർഷത്തെ കരാറിൽ 850 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസിംഗ് ക്ളോസ്.

റയൽ മാഡ്രിഡ് പ്രതിരോധത്തിലെ നെടുന്തൂണുകളായിരുന്ന സെർജിയോ റാമോസ്, റാഫേൽ വരാനെ എന്നിവർ ക്ലബ് വിട്ടുവെങ്കിലും അവർക്കു പകരക്കാരനാവാൻ ഡേവിഡ് അലബക്ക് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അടുത്ത സീസണിൽ എഡർ മിലിറ്റാവോയും അലബയും ചേർന്നാകും റയൽ പ്രതിരോധം നയിക്കുക.

facebooktwitterreddit