ഓരോ സീസണിലും പ്രതിഫലം വർദ്ധിക്കും, എർലിങ് ഹാലൻഡിനായി ബാഴ്സലോണ നൽകിയ ഓഫറിന്റെ വിവരങ്ങൾ


അടുത്ത സമ്മറിൽ യൂറോപ്പിലെ പ്രമുഖ ക്ലബുകളെല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്ന ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ബ്രൂട് ഹാലൻഡിനെ ടീമിലെത്തിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ക്ലബുകളിലൊന്നാണ് ബാഴ്സലോണ. സ്പെയിനിലേക്ക് ചേക്കേറാനാണ് ഹാലൻഡിനു താൽപര്യമെന്നതും സാവിയുടെ കീഴിൽ ഉയർന്നു വരുന്ന ടീമിലെ പ്രധാനതാരമാകാൻ കഴിയും എന്നതുമാണ് ബാഴ്സലോണക്ക് പ്രതീക്ഷ നൽകുന്നത്.
ഹാലൻഡിനെ അടുത്ത സീസണിൽ ടീമിലെത്തിക്കാനുള്ള ഓഫർ ബാഴ്സലോണ മുന്നോട്ടു വെച്ചുവെന്നാണ് ഇപ്പോൾ സ്പാനിഷ് മാധ്യമമായ സ്പോർട്ട് വെളിപ്പെടുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം അഞ്ചു വർഷത്തെ കരാറാണ് ബാഴ്സലോണ താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ അഞ്ചു സീസണുകളിലായി 190 മില്യൺ യൂറോയാണ് താരത്തിനു ബാഴ്സ പ്രതിഫലം നൽകുക.
Details of Barça's Haaland offer https://t.co/MyHdIEvNN7
— SPORT English (@Sport_EN) March 3, 2022
വ്യത്യസ്തമായ രീതിയിലാണ് ഹാലൻഡിന്റെ പ്രതിഫലം ബാഴ്സ നൽകുന്നതും. സാമ്പത്തിക പ്രതിസന്ധികളെ പടിപടിയായ മറികടക്കാൻ ശ്രമിക്കുന്ന ബാഴ്സലോണ ആദ്യത്തെ വർഷം ഇരുപതു മില്യൺ യൂറോ, രണ്ടാം വർഷം മുപ്പതു മില്യൺ യൂറോ എന്നിങ്ങനെ തുടങ്ങി അവസാന രണ്ടു വർഷങ്ങളിൽ നാൽപതു മുതൽ അൻപത്തിയഞ്ചു മില്യൺ വരെ പ്രതിഫലം നൽകുന്ന കരാറാണ് ഹാലാൻഡിനു മുന്നിൽ വെച്ചിരിക്കുന്നത്.
ബാഴ്സലോണ പ്രസിഡന്റായ ലപോർട്ട ഈ ഫോർമുല മുന്നോട്ടു വെക്കുമ്പോൾ ഹാലൻഡിന്റെ ഏജന്റായ മിനോ റയോള ത്രീ പ്ലസ് ടു ഡീൽ പരിഗണിക്കാൻ സാധ്യതയുണ്ട്. ഹാലാൻഡിന്റെ അച്ഛനോടും ബാഴ്സലോണ പ്രസിഡന്റ് ലപോർട്ടയോടും താരം അടുത്ത സീസൺ ബാഴ്സലോണയിൽ തന്നെ കളിക്കുമെന്ന് റയോള പറഞ്ഞതായും കുയട്രാവോയെ അടിസ്ഥാനമാക്കി സ്പോർട്ട് റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.