സെർജിനോ ഡെസ്റ്റിന്റെ കാര്യത്തിൽ ബാഴ്സ നിലപാടു മാറ്റുന്നു, കഴിവു തെളിയിക്കാൻ അമേരിക്കൻ താരത്തിന് അവസരം


റൊണാൾഡ് കൂമാനു കീഴിൽ ബാഴ്സലോണ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യം ആയിരുന്നെങ്കിലും സാവി പരിശീലകനായി എത്തിയതിനു ശേഷം സെർജിനോ ഡെസ്റ്റിന് അവസരങ്ങൾ വളരെ കുറവായിരുന്നു. ഫ്രീ ഏജന്റായിരുന്ന ഡാനി ആൽവസിനെ ബാഴ്സലോണ സ്വന്തമാക്കുകയും ജനുവരിയിൽ ടീമിൽ രജിസ്റ്റർ ചെയ്ത താരം മികച്ച പ്രകടനം നടത്തുകയും ചെയ്തതോടെ ഡെസ്റ്റിന്റെ അവസരങ്ങൾ കൂടുതൽ പരിമിതപ്പെടുകയും ചെയ്തു.
സെർജിനോ ഡെസ്റ്റിന് അവസരങ്ങൾ കുറഞ്ഞതോടെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായി ഉയർന്നിരുന്നു. റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും വിങ്ങറായും കളിക്കാൻ കഴിയുന്ന താരത്തിനായി ചെൽസി, ബയേൺ മ്യൂണിക്ക്, താരത്തിന്റെ മുൻ ക്ലബായ അയാക്സ് എന്നിവർ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
എന്നാൽ സ്പാനിഷ് മാധ്യമമായ സ്പോർട്ട് നിലവിൽ നൽകുന്ന റിപ്പോർട്ട് പ്രകാരം അമേരിക്കൻ താരത്തെ ജനുവരിയിൽ വിൽക്കാനുള്ള നീക്കങ്ങൾ ബാഴ്സലോണ ഉപേക്ഷിച്ചിട്ടുണ്ട്. അതിനു പകരം ഈ സീസണിന്റെ അവസാനം വരെ ഡെസ്റ്റിനെ നിലനിർത്തി കഴിവു തെളിയിക്കാനുള്ള അവസരം ബാഴ്സലോണ നൽകും. ഈ സമയത്ത് സാവിക്കു മതിപ്പുണ്ടാക്കാൻ കഴിഞ്ഞാൽ അടുത്ത സീസണിലും ഡെസ്റ്റ് ടീമിനൊപ്പം തുടരും.
ഈ സീസണിലിതു വരെ പതിനെട്ടു മത്സരങ്ങളിൽ ബാഴ്സക്കു വേണ്ടി കളിക്കാനിറങ്ങിയ ഡെസ്റ്റ് മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഡാനി ആൽവസിനെ വളരെയധികം ഇഷ്ടപ്പെടുന്ന ഡെസ്റ്റിന് ബ്രസീലിയൻ താരത്തിൽ നിന്നും തന്റെ കഴിവുകളെ തേച്ചുമിനുക്കി എടുക്കാനുള്ള അവസരവുമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.