Football in Malayalam

അഞ്ചു ഗോളുകൾ നേടിയെങ്കിലും യൂറോ കപ്പ് ഗോൾഡൻ ബൂട്ടിൽ പാട്രിക്ക് ഷിക്ക് റൊണാൾഡോക്ക് വെല്ലുവിളിയാവില്ല

Sreejith N
Portugal v France - UEFA Euro 2020: Group F
Portugal v France - UEFA Euro 2020: Group F / Laszlo Balogh - Pool/Getty Images
facebooktwitterreddit

യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ തന്നെ പോർച്ചുഗൽ പുറത്തായെങ്കിലും അതുവരെയുള്ള ഗോളടിമികവു കൊണ്ട് ടൂർണമെന്റിലെ ടോപ് സ്കോററായി മാറാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളാണ് പോർച്ചുഗൽ നായകൻ അടിച്ചു കൂട്ടിയത്. ഹംഗറിക്കെതിരെ ഇരട്ടഗോളുകൾ നേടി ടൂർണമെന്റിനു തുടക്കമിട്ട താരം പിന്നീട് ജർമനിക്കെതിരെ ഒരു ഗോളും ഫ്രാൻസിനെതിരെ രണ്ടു ഗോളും നേടിയാണ് ടൂർണമെന്റിലെ ടോപ് സ്കോറർമാരിൽ മുന്നിലെത്തിയത്.

ഇന്നലെ ഡെന്മാർക്കിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്ക് തോൽവി വഴങ്ങിയെങ്കിലും മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ഒരേയൊരു ഗോൾ നേടിയ പാട്രിക്ക് ഷിക്കിലേക്ക് എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞിരുന്നു. ഇന്നലത്തെ ഗോളോടെ റൊണാൾഡോക്കൊപ്പം ചെക്ക് സ്‌ട്രൈക്കർക്കും യൂറോ കപ്പിലെ ഗോളുകളുടെ എണ്ണം അഞ്ചായിട്ടുണ്ട്. എന്നാൽ ഇതേ നില തുടർന്നാൽ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ റൊണാൾഡോ തന്നെ വിജയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

യൂറോ കപ്പ് ഗോൾഡൻ ബൂട്ട് ജേതാക്കളെ തിരഞ്ഞെടുക്കാനുള്ള നിയമങ്ങൾ പ്രകാരം രണ്ടു താരങ്ങൾ ഒരുപോലെ ഗോൾ നേടി ഒപ്പത്തിനൊപ്പമെത്തിയാൽ അവർ നേടിയ അസിസ്റ്റുകളുടെ എണ്ണം പരിഗണിച്ചാവും അന്തിമ വിജയിയെ തിരഞ്ഞെടുക്കുക. ഷിക്ക് അഞ്ചു ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും അസിസ്റ്റുകളൊന്നും ലെവർകൂസൻ താരത്തിനില്ല. എന്നാൽ ജർമനിക്കെതിരായ മത്സരത്തിൽ സ്വന്തമാക്കിയ ഒരു അസിസ്റ്റ് ഇക്കാര്യത്തിൽ റൊണാൾഡോക്ക് മുൻ‌തൂക്കം നൽകുന്നു.

അസിസ്റ്റുകൾ ഒരുപോലെയാണെങ്കിൽ പോലും പിന്നീട് പരിഗണിക്കപ്പെടുന്ന മിനിറ്റുകളുടെ എണ്ണത്തിലും റൊണാൾഡോക്ക് തന്നെയാണ് മുൻ‌തൂക്കം. ഷിക്ക് അഞ്ചു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടിയപ്പോൾ റൊണാൾഡോ നാലു മത്സരങ്ങളിൽ നിന്നാണ് അഞ്ചു ഗോളുകൾ നേടിയത്.

അതേസമയം മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടിയ, സെമിയിലെത്തിയ ടീമുകളിലൊന്നായ ഡെന്മാർക്കിന്റെ താരമായ കാസ്പർ ഡോൾബെർഗ് റൊണാൾഡോക്ക് ഭീഷണിയാണ്. ഇതിനു പുറമെ മൂന്നു ഗോളുകൾ വീതം നേടിയ ഹാരി കേൻ, റഹീം സ്റ്റെർലിങ് എന്നിവരും റൊണാൾഡോയുടെ ഗോൾഡൻ ബൂട്ട് മോഹങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.

facebooktwitterreddit