Top Stories

ഫ്രാൻസിന്റെ നേഷൻസ് ലീഗ് പ്രതീക്ഷകളിൽ അവസാന ആണിയടിച്ച് ക്രൊയേഷ്യ, പ്രതികരണവുമായി ദെഷാംപ്‌സ്

Sreejith N
Deschamps Comments On France's Defeat To Croatia
Deschamps Comments On France's Defeat To Croatia / Eurasia Sport Images/GettyImages
facebooktwitterreddit

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളും ലോകകപ്പ് വിജയികളുമായ ഫ്രാൻസിനെ തോൽപ്പിച്ച് ക്രൊയേഷ്യ. ഇതോടെ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മുന്നേറാൻ ഫ്രാൻസിന് കഴിയില്ലെന്ന് ഉറപ്പായി. ഇത്തവണത്തെ നേഷൻസ് ലീഗിൽ നാല് മത്സരം കളിച്ച ഫ്രാൻസ് രണ്ടെണ്ണത്തിൽ തോൽവിയും രണ്ടെണ്ണത്തിൽ സമനിലയും വഴങ്ങി അവസാന സ്ഥാനത്താണ്.

ക്രൊയേഷ്യൻ നായകനും റയൽ മാഡ്രിഡ് താരവുമായ ലൂക്ക മോഡ്രിച്ചാണ് ഇന്നലത്തെ മത്സരത്തിൽ വിജയഗോൾ നേടിയത്. അഞ്ചാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഗോൾ നേടി ഫ്രാൻസിനെ കീഴടക്കിയതിലൂടെ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനും അവർക്കായി. അതേസമയം തോൽവിയുടെ ക്ഷീണം തലയിൽ നിന്നും ഒഴിവാക്കാനാണ് ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ് താരങ്ങളോട് ആവശ്യപ്പെട്ടത്.

"മികച്ച ഫലങ്ങളുണ്ടാകുന്ന കാര്യത്തിൽ ഈ മാസം ബുദ്ധിമുട്ടു നിറഞ്ഞതാണ്. വേണ്ടത്ര കരുത്തും ഊർജ്ജവുമില്ലാതെയാണ് ഞങ്ങൾ അതു ധാരാളമുള്ള ടീമുകൾക്കെതിരെ ഇറങ്ങുന്നത്. ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല. എല്ലാറ്റിലുമുപരിയായി ഉന്മേഷവും ഞങ്ങൾക്കില്ലായിരുന്നു."

"ഇത്തരം ഫലങ്ങളിൽ നിന്നും ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. ഞങ്ങൾക്ക് കളിക്കാരെ ഓരോന്നായി നഷ്‌ടപ്പെട്ടു. മറ്റു രാജ്യങ്ങൾക്കും തളർച്ച ഉണ്ടായിരുന്നുവെന്നതിൽ സംശയമില്ല. കളിക്കാർ അവരുടെ മനസിലെ പ്രശ്‌നങ്ങൾ ഇല്ലാതാക്കി ക്ലബ്ബിലേക്ക് തിരിച്ചു പോയി പുതിയൊരു സീസൺ ആരംഭിക്കുക." മത്സരത്തിന് ശേഷം മാധ്യമങ്ങളോട് ദെഷാംപ്‌സ് പറഞ്ഞു.

ക്രൊയേഷ്യക്കെതിരായ തോൽവി 2020നു ശേഷം ഫ്രാൻസ് ഗോൾ നേടാൻ പരാജയപ്പെട്ട ആദ്യത്തെ മത്സരം കൂടിയായിരുന്നു. ഇരുപത്തിമൂന്നു മത്സരങ്ങളിലാണ് ഫ്രഞ്ച് ടീം തുടർച്ചയായി ഗോൾ കണ്ടെത്തിയിരുന്നത്. ലോകകപ്പ് അടുത്തിരിക്കെ വഴങ്ങിയ ഈ തിരിച്ചടി ടീമിനെ മികച്ച രീതിയിൽ തയ്യാറെടുക്കണമെന്ന് ദെഷാംപ്‌സിനുള്ള മുന്നറിയിപ്പു കൂടിയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit