ഗ്രീസ്‌മൻ ഫ്രാൻസിന്റെ പ്രധാന താരമാണെങ്കിലും ഇപ്പോൾ ഏറ്റവും മികച്ച ഫോമിലല്ലെന്ന് ദെഷാംപ്‌സ്

Didier Deschamps Says Griezmann Not In His Best Form
Didier Deschamps Says Griezmann Not In His Best Form / FRANCK FIFE/GettyImages
facebooktwitterreddit

മോശം ഫോമിന്റെ പേരിൽ പല ഭാഗത്തു നിന്നും വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന ഫ്രഞ്ച് മുന്നേറ്റനിര താരമായ അന്റോയിൻ ഗ്രീസ്‌മനു പിന്തുണയുമായി പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. മനസും കാലുകളും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണെന്നും അതിലുണ്ടാകുന്ന മാറ്റങ്ങൾ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ദെഷാംപ്‌സ് പറഞ്ഞു.

ഇരുപത്തിരണ്ടു മത്സരങ്ങളിൽ തുടർച്ചയായി ഗോൾ കണ്ടെത്താൻ കഴിയാതെ കരിയറിലെ തന്നെ ഏറ്റവും നിരാശപ്പെടുത്തുന്ന ഫോമിലാണ് ഗ്രീസ്‌മൻ ഇപ്പോഴുള്ളത്. ഇതിൽ 17 മത്സരങ്ങൾ അത്ലറ്റികോ മാഡ്രിഡിനൊപ്പവും 5 മത്സരങ്ങൾ ഫ്രാൻസിന്റെ കൂടെയുമാണ്. എന്നാൽ നിലവിലെ സാഹചര്യത്തെ താരം മറികടക്കുമെന്ന പ്രതീക്ഷ ദെഷാംപ്‌സിനുണ്ട്.

"മനസും കാലുകളും തമ്മിൽ ചേരാത്തത് പലപ്പോഴും നമ്മളെ ബാധിക്കുന്നത് അനുഭവിച്ചിട്ടുണ്ടാകും. ഇവ രണ്ടും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ ആത്മവിശ്വാസത്തെയും അത് ബാധിക്കും." ദെഷാംപ്‌സ് ടെലിഫൂട്ടിനോട് പറഞ്ഞു.

"മൈതാനത്തെ പൊസിഷനിങ്ങിന്റെ പ്രശ്‌നമല്ലിത്. താരത്തിന് ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുന്ന പൊസിഷനിൽ ആണ് ഞാൻ ഉപയോഗിക്കുന്നത്. എന്നാൽ സീസൺ പൂർത്തിയാക്കി ചില പോരായ്‌മകളുമായാണ് താരം വന്നത്. പെട്ടന്ന് മുഴുവൻ കഴിവും തിരിച്ചു കൊണ്ടു വരാൻ കഴിയില്ല. ഞങ്ങൾക്ക് വിശ്വാസമുണ്ട്, സ്‌ക്വാഡിന് താരത്തെ ആവശ്യമുണ്ട്. എന്നാൽ താരം ഏറ്റവും മികച്ച ഫോമിലല്ലെന്നുള്ളത് സത്യം തന്നെയാണ്." ദെഷാംപ്‌സ് വെളിപ്പെടുത്തി.

മോശം ഫോമിലാണെങ്കിലും യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനൊപ്പമുള്ള മൂന്നു മത്സരങ്ങളിലും താരം കളിക്കാൻ ഇറങ്ങിയിരുന്നു. അതേസമയം ക്രൊയേഷ്യയുമായി നടക്കുന്ന മത്സരത്തിൽ താരം കളിക്കുമോയെന്ന് ദിദിയർ ദെഷാംപ്‌സ് വ്യക്തമാക്കിയില്ല. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും ഫ്രാൻസിനു വിജയിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.