നേഷൻസ് ലീഗിലെ മൂന്നാം മത്സരത്തിലും വിജയമില്ലാതെ ഫ്രാൻസ്, ടീമിന്റെ പ്രകടനത്തിൽ സംതൃപ്തനെന്ന് ദെഷാംപ്സ്


ഓസ്ട്രിയക്കെതിരെ ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിലും വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും ഫ്രാൻസിന്റെ പ്രകടനം തൃപ്തികരമെന്ന് പരിശീലകൻ ദെഷാംപ്സ്. രണ്ടു ടീമുകളും ഓരോ ഗോളുകൾ നേടി വിയന്നയിൽ വെച്ചു നടന്ന മത്സരത്തിൽ സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ നേഷൻസ് ലീഗിൽ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും ഫ്രാൻസിനു വിജയം നേടാൻ കഴിഞ്ഞിട്ടില്ല.
ആന്ദ്രെസ് വീമാൻ ആദ്യപകുതിയിൽ നേടിയ ഗോളിൽ മുന്നിലെത്തിയ ഓസ്ട്രിയ എൺപത്തിമൂന്നാം മിനിട്ടു വരെ ലീഡ് നിലനിർത്തിയെങ്കിലും പകരക്കാരനായിറങ്ങിയ കിലിയൻ എംബാപ്പെ ഫ്രാൻസിന് സമനില നേടിക്കൊടുത്തു. ഡിസംബറിൽ ലോകകപ്പ് നടക്കാനിരിക്കെ അതിനുള്ള തയ്യാറെടുപ്പു കൂടിയായി കണക്കാക്കപ്പെടുന്ന മത്സരങ്ങളിൽ വിജയം നേടാൻ കഴിയാത്തത് ആരാധകർക്ക് ആശങ്കയാണെങ്കിലും ദെഷാംപ്സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
"ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഞാൻ വളരെ സംതൃപ്തനാണ്. കളിക്കാർക്ക് മത്സരഫലം കൊണ്ട് പ്രതിഫലം ലഭിക്കണമായിരുന്നു, ഞങ്ങൾ മികച്ച കാര്യങ്ങളാണ് ചെയ്തത്. ഓസ്ട്രിയ ആത്മാർത്ഥമായും തീവ്രതയോടെയുമാണ് കളിച്ചത്. ഞങ്ങൾക്ക് രണ്ടാം പകുതിയിൽ പൂർണനിയന്ത്രണം ഉണ്ടായിരുന്നു. കാര്യക്ഷമതയാണ് ഞങ്ങൾക്ക് നഷ്ടമായത്. രണ്ടാം പകുതിയിൽ ഞങ്ങൾ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ അതൊരു നാണക്കേടാണ്." ദെഷാംപ്സ് മത്സരത്തിനു ശേഷം പറഞ്ഞു.
മത്സരത്തിൽ ഉദ്ദേശിച്ച ഫലമല്ല ഫ്രാൻസ് നേടിയതെങ്കിലും അടുത്തയാഴ്ച ക്രൊയേഷ്യക്കെതിരെ നടക്കുന്ന പോരാട്ടത്തിൽ വിജയം നേടി തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷ സൂപ്പർതാരം എംബാപ്പയും പ്രകടിപ്പിച്ചു. വിജയമാണ് ടീം ലക്ഷ്യമിട്ടത് എന്നും എന്നാൽ അതിലേക്കെത്താൻ കഴിഞ്ഞില്ലെന്നും പറഞ്ഞ എംബാപ്പെ ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്തിട്ടില്ലെങ്കിലും പരിശീലകന് ആവശ്യമുള്ളപ്പോൾ താൻ ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ തവണത്തെ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ടീമായ ഫ്രാൻസിന് തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കാൻ കഴിയാതെ വന്നതോടെ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഇപ്പോഴുള്ളത്. ഇനി ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ അവർക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയുള്ളൂ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.