യുവേഫ നാഷൻസ് ലീഗ് ഫൈനലിനു മുന്നോടിയായി സ്പാനിഷ് താരത്തെ പ്രശംസിച്ച് ദിദിയർ ദെഷാംപ്സ്


യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ സ്പെയിനെ നേരിടാൻ ഒരുങ്ങിയിരിക്കെ സ്പാനിഷ് മധ്യനിര താരമായ ഗാവിയെ പ്രശംസ കൊണ്ടു മൂടി ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഈ സീസണിൽ ബാഴ്സലോണ സീനിയർ ടീമിനു വേണ്ടി ഏതാനും മത്സരങ്ങൾ കളിച്ച് സ്പെയിൻ ടീമിലിടം പിടിച്ച ഗാവി ഇറ്റലിയോടു നടന്ന സെമി ഫൈനലിനുള്ള ആദ്യ ഇലവനിൽ ഇടം നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ഫ്രാൻസ് ടീമുമായി താരതമ്യം ചെയ്യുമ്പോൾ പരിചയസമ്പന്നരായ, വമ്പൻ മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങൾ സ്പെയിനിൽ വളരെ കുറവാണ്. എന്നാൽ അത്തരം താരങ്ങളുടെ അഭാവമുണ്ടെങ്കിലും സ്പെയിൻ മികച്ച നിലവാരം കാത്തു സൂക്ഷിക്കുന്നുണ്ടെന്നു പറഞ്ഞ ദെഷാംപ്സ് സ്പെയിനു വേണ്ടി കളത്തിലിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയ ഗാവിയെ പ്രത്യേകം പരാമർശിച്ചു.
He also touched on Laporte's decision to represent Spain over France.https://t.co/6V2MIxuLXp
— MARCA in English (@MARCAinENGLISH) October 10, 2021
"ടീമിനൊപ്പം ഉണ്ടാവുകയെന്നത് ഗാവിയെ സംബന്ധിച്ച് വളരെ മനോഹരമായ കാര്യമാണ്. ചില താരങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ, ഉയർന്ന നിലവാരവുമായി ടീമിലേക്ക് വരും. ഇറ്റലിയോടു നടന്ന സെമി ഫൈനൽ മത്സരത്തിൽ തന്റെ വ്യക്തിത്വം കാണിക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. ഇത്രയധികം നിലവാരമുള്ള താരമാകുമ്പോൾ പ്രായം ഒരു പ്രശ്നമല്ല."
"താരം തന്റെ കരിയറിന്റെ തുടക്കത്തിൽ ഉള്ളപ്പോഴാണ് ലൂയിസ് എൻറിക്വ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. ബാഴ്സലോണക്കു വേണ്ടി താരം വെറും ഏഴു മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ എന്നാണു ഞാൻ കരുതുന്നത്. ഇതൊരു ദൈർഘ്യമേറിയ മനോഹരമായ കരിയറിന്റെ തുടക്കമാണ്." ദെഷാംപ്സ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പരിചയസമ്പന്നരായ താരങ്ങൾ ടീമിൽ ഉള്ളതു കൊണ്ട് കിരീടം ഫ്രാൻസ് നേടുമെന്നു പറയാൻ കഴിയില്ലെന്നും ദെഷാംപ്സ് പറഞ്ഞു. സ്പാനിഷ് ടീമിൽ യുവതാരങ്ങൾക്കൊപ്പം പരിചയസമ്പന്നരായ താരങ്ങളുമുണ്ടെന്നും അവരെ മറികടന്ന് കിരീടം നേടാൻ ഫ്രാൻസ് കടുത്ത പോരാട്ടം നടത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.