നേഷൻസ് ലീഗിലെ രണ്ടാം മത്സരത്തിലും വിജയമില്ലാതെ ഫ്രാൻസ്, ലോകകപ്പാണ് ലക്ഷ്യമെന്ന് പരിശീലകൻ


യുവേഫ നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് വിജയം നേടാൻ കഴിയാത്തതിനോട് പ്രതികരിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. മത്സരത്തിൽ ക്രൊയേഷ്യക്ക് ഒപ്പമെത്താനുള്ള ഗോൾ ഫ്രാൻസ് തന്നെ സമ്മാനമായി നൽകിയെന്നു പറഞ്ഞ അദ്ദേഹം മികച്ച രീതിയിൽ ലോകകപ്പിന് തയ്യാറെടുക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
ഡെന്മാർക്കിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ മുന്നിൽ എത്തിയതിനു ശേഷം തോൽവി വഴങ്ങിയ ഫ്രാൻസ് ഇന്നലെ നടന്ന പോരാട്ടത്തിൽ സമനിലയാണ് വഴങ്ങിയത്. റാബിയട്ടിന്റെ ഗോളിൽ ഫ്രാൻസ് മത്സരത്തിൽ മുന്നിലെത്തിയെങ്കിലും എൺപത്തിമൂന്നാം മിനുട്ടിൽ ആന്ദ്രേ ക്രമറിക്ക് നേടിയ പെനാൽറ്റി ഗോളിൽ ക്രൊയേഷ്യ സമനില നേടുകയായിരുന്നു.
France have one point from two Nations League games after being held by Croatia in Split.
— BBC Sport (@BBCSport) June 6, 2022
They're the defending champions 😬
Full report 👇 | #bbcfootball
"ടീമിൽ വരുത്തിയ മാറ്റങ്ങൾക്കിടയിലും ഞങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്. ഞങ്ങൾ മേധാവിത്വം ഉണ്ടായിരുന്നു, കൂടുതൽ ഗോളുകളും നേടാമായിരുന്നു. എന്നാൽ ഞങ്ങൾ സമനിലഗോൾ അവർക്കു സമ്മാനിച്ചുവെന്നത് നിരാശ തന്നെയാണ്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് ദെഷാംപ്സ് പറഞ്ഞു.
"എന്തായാലും അതൊരു ഒത്തിണക്കത്തോടു കൂടിയുള്ള പ്രകടനം തന്നെയായിരുന്നു. അവർ രണ്ടാം പകുതിയിൽ ഭീഷണി ഉയർത്തിയതേയില്ല. ഒരു പ്രധാന മത്സരമായതു കൊണ്ടു തന്നെ ഈ ഫലം സംതൃപ്തി നൽകുന്നില്ല, പക്ഷെ ഞങ്ങളുടെ ലക്ഷ്യം ഈ വർഷാവസാനം നടക്കുന്ന ലോകകപ്പിന് നല്ല രീതിയിൽ തയ്യാറെടുക്കുക എന്നതാണ്." ദെഷാംപ്സ് വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ യുവേഫ നേഷൻസ് ലീഗ് നേടിയ ഫ്രാൻസ് ഇത്തവണ ടൂർണമെന്റിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്നാണ് കരുതേണ്ടത്. ഇന്നലത്തെ മത്സരത്തിൽ കരിം ബെൻസിമ, എംബാപ്പെ, തിയോ ഹെർണാണ്ടസ് തുടങ്ങിയ പ്രധാന താരങ്ങളെ ഒന്നും ദെഷാംപ്സ് കളത്തിലിറക്കിയില്ലെന്നത് ഇതിനു തെളിവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.